ഹൃദയം പന്തായി: വിസ്‌മയം നിറച്ച്‌ ഉദ്‌ഘാടന വിരുന്ന്‌



കളി തുടങ്ങി. ഖത്തറിലെ മൈതാനങ്ങളിൽ, ബൂട്ടുകെട്ടിയ കാലടികൾ പൂക്കൾ വിരിയിച്ചുതുടങ്ങി. ഗോളുകൾ മധുരമൂറുന്ന കനികൾ. കാണികൾ മധുതേടുന്ന വണ്ടുകൾ. ഇനി സമയവും കാലവും നോക്കാതെ അത്‌ നുണയാം. ഫുട്‌ബോൾ ലോകകപ്പിന്റെ 22–-ാംപതിപ്പിന്‌ കിക്കോഫായി. അൽഖോറിലെ അൽബെെത്ത്‌ സ്‌റ്റേഡിയത്തിൽ അറബ്‌ പാരമ്പര്യവും പൈതൃകവും സമന്വയിച്ച ഉദ്‌ഘാടനച്ചടങ്ങിനുശേഷമായിരുന്നു കളി.  നാട്ടുകാർക്കുമുന്നിൽ ഇക്വഡോറിനെ നേരിട്ടപ്പോൾ ആതിഥേയരായ ഖത്തറിനിത്‌ കാത്തിരിപ്പിന്റെ സാക്ഷാത്‌കാരം. അറുപതിനായിരം പേർക്കിരിക്കാവുന്ന സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടം സാക്ഷിയായി. മുത്തുവാരലിനും മീൻപിടിത്തത്തിനും പേരുകേട്ട വടക്കൻ നഗരമായ അൽഖോറിലെ സ്‌റ്റേഡിയം ഖത്തറിന്റെ ഭൂതകാലത്തെയും വർത്തമാനത്തെയും ആദരിക്കുംവിധം രൂപകൽപ്പന ചെയ്തതാണ്‌. ആ വികാരത്തിനൊപ്പം നിൽക്കുന്ന പാട്ടും നൃത്തവുമായി ലോകകപ്പിനെ വരവേറ്റു. ദോഹയിൽനിന്ന് 35 കിലോമീറ്റർ അകലെയാണ് സ്‌റ്റേഡിയം. പൗരാണിക കാലത്തെ അറേബ്യൻ നാടോടികളുടെ ‘ബെെത്ത്‌  അൽ ഷാർ’ എന്ന പരമ്പരാഗത തമ്പിന്റെ രൂപത്തിൽ നിർമിച്ച സ്‌റ്റേഡിയം നഗരത്തിന്റെ സംസ്‌കാരം, പാരമ്പര്യം, ചരിത്രം എന്നിവ പ്രതിഫലിപ്പിക്കുന്നു. ഖത്തറിന്റെയും ലോകകപ്പിന്റെയും ചരിത്രം പാട്ടും നൃത്തവുമായി അരങ്ങിലെത്തി. ഭാഗ്യചിഹ്നമായ ‘ലഈബ്‌’ ആകാശത്ത്‌ പറന്നിറങ്ങിയപ്പോൾ വിഖ്യാത കൊറിയൻ ഗായകൻ ജോങ് കുക്ക്‌ സ്‌റ്റേഡിയത്തെ ഇളക്കിമറിച്ച ഗാനവുമായെത്തി. എല്ലാവരും ഒരുമിക്കണമെന്ന ആഹ്വാനവുമായി നടൻ മോർഗൻ ഫ്രീമാനെത്തി. തൊട്ടുപിന്നാലെ ഖത്തർ അമീറിന്റെ പ്രഖ്യാപനം ‘വെൽകം ആൻഡ്‌ ഗുഡ്‌ലക്ക്‌’. 14 ലക്ഷം ചതുരശ്രമീറ്ററിലാണ് അറബ് ലോകത്തിന്റെയും ഖത്തറിന്റെയും ആതിഥേയ പാരമ്പര്യം വിളിച്ചോതുന്ന ഈ വാസ്തുശിൽപ്പകലാ വിസ്മയം. ഉള്ളിലേക്ക്‌ മടക്കാനും മുകളിലേക്ക്‌ നിവർത്താനും കഴിയുന്ന ഉരുക്ക്‌ മേൽക്കൂര സ്‌റ്റേഡിയത്തിന്റെ പ്രധാന സവിശേഷതയാണ്‌. പരമ്പരാഗത അറേബ്യൻ ശൈലിയായ ‘സദു' എന്ന ചിത്രത്തുന്നൽകൊണ്ടാണ് സ്‌റ്റേഡിയത്തിന്റെ ഉൾഭാഗത്തെ അലങ്കാരങ്ങൾ. ഖത്തറിന്റെയും ഇക്വഡോറിന്റെയും ജേഴ്‌സിയണിഞ്ഞ ആരാധകർ സ്‌റ്റേഡിയത്തിൽ ആരവം മുഴക്കവേ കിക്കോഫിന്‌ വിസിൽ മുഴങ്ങി. തിങ്കളാഴ്‌ച മൂന്ന്‌ കളിയുണ്ട്‌. ഇംഗ്ലണ്ട്‌ ഇറാനെയും സെനെഗൽ നെതർലൻഡ്‌സിനെയും നേരിടും. അമേരിക്കയും വെയ്‌ൽസും തമ്മിലാണ്‌ മൂന്നാമത്തെ മത്സരം. അർജന്റീനയും ഫ്രാൻസും ചൊവ്വാഴ്‌ച ഇറങ്ങും. അർജന്റീനയ്ക്ക്‌ സൗദി അറേബ്യയും ഫ്രാൻസിന്‌ ഓസ്‌ട്രേലിയയുമാണ്‌ എതിരാളി.   Read on deshabhimani.com

Related News