ഹൃദയം തകർന്ന് ഖത്തർ; ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി ഇക്വഡോർ

twitter.com/FIFAWorldCup/status


ദോഹ> മോഹവല ഇക്വഡോർ നിറച്ചു. ഖത്തർ ലോകകപ്പിലെ ഉദ്‌ഘാടന മത്സരം എന്നെർ വലെൻഷ്യയെന്ന ഇക്വഡോർ നായകന്റെ പേരിലായി. വലെൻഷ്യയുടെ ഇരട്ടഗോളിൽ ആതിഥേയരായ ഖത്തറിനെ 2–-0ന്‌ തോൽപ്പിച്ച്‌ ഇക്വഡോർ അൽബൈത്ത്‌ സ്‌റ്റേഡിയത്തിൽ കൊടുങ്കാറ്റായി. ഈ ടീം അത്ഭുതങ്ങളുടെ കൂടാരം തുറക്കുമെന്ന ബ്രസീൽ ടീം പരിശീലകൻ ടിറ്റെയുടെ വാക്കുകളിലുണ്ടായിരുന്നു ഇക്വഡോറിന്റെ വീര്യം. ഖത്തറിനായി ആർപ്പുവിളിച്ച ആയിരങ്ങളെ നിശബ്‌ദമാക്കി അവർ കളംവാണു. ഒന്നിനുപിറകെ ഒന്നായ്‌ നെയ്‌ത ആക്രമണങ്ങൾ. പലപ്പോഴും പരുക്കൻ അടവുകളിലൂടെ ഖത്തർ തടയാൻ ശ്രമിച്ചെങ്കിലും വലെൻഷ്യയും ഗൊൺസാലോ പ്ലാറ്റയും പെർവിസ്‌ എസ്‌തുപിനാനും എസ്‌ത്രാഡയും ഉൾപ്പെട്ട ഇക്വഡോർ സംഘം ഖത്തർ ഗോൾമേഖല കീഴടക്കി. രണ്ടാംമിനിറ്റിൽ മനോഹരമായ നീക്കത്തിലൂടെ വലെൻഷ്യയുടെ ഹെഡർ ഖത്തർ വലയിൽ എത്തിയെങ്കിലും വാർ പരിശോധനയിൽ ഗോൾ അനുവദിക്കപ്പെട്ടില്ല. കാൽമണിക്കൂർ കഴിഞ്ഞപ്പോൾ ഇക്വഡോർ ലക്ഷ്യം കണ്ടു. വലെൻഷ്യയുടെ മുന്നേറ്റത്തെ ബോക്‌സിൽ ഖത്തർ ഗോൾ കീപ്പർ സാദ്‌ അൽ ഷീബ്‌ വീഴ്‌ത്തി. പെനൽറ്റി. അൽ ഷീബിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച്‌ വലതുമൂലയിലേക്ക്‌ വലെൻഷ്യ പന്ത്‌ തട്ടി. ആ ഗോളിൽ ഇക്വഡോർ വരവറിയിച്ചു. അരമണിക്കൂറിനുള്ളിൽ രണ്ടാംഗോൾ. കയ്‌സെദൊയിൽനിന്നുള്ള തുടക്കം. ത്രൂബോൾ പ്രതിരോധം തടഞ്ഞു. കയ്‌സെദൊ വലതുവശത്ത്‌ പ്രെസിയാദോവിനെ കണ്ടു. ബോക്‌സിനുമുന്നിലേക്ക്‌ പ്രെസിയാദോവിന്റെ ക്രോസ്‌. എസ്‌ത്രാഡ പൊങ്ങി ഉയർന്നു. തലയിൽ തട്ടിയില്ല. എന്നാൽ, തൊട്ടരികെ വലെൻഷ്യയുടെ ചാട്ടം ഖത്തർ കണ്ടില്ല. ഹെഡർ ചാട്ടുളിപോലെ വലയിൽ തറച്ചു. ഇക്വഡോർ 2–-0.  മറുപടിക്കായുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക്‌ കൃത്യതയുണ്ടായില്ല. അൽമോസ്‌ അലിയുടെ ഹെഡർ പുറത്തുപോയി. കളിയിൽ ഒരുഘട്ടത്തിലും ഖത്തറിന്‌ കളംപിടിക്കാനായില്ല. ഇതിനിടെ ഇബാറയുടെ കരുത്തുറ്റ ഷോട്ട്‌ തടഞ്ഞ്‌ അൽ ഷീബ്‌ അവർക്ക്‌ ആശ്വാസം നൽകി.തുടർച്ചയായ ഏഴാംമത്സരമാണ്‌ ഇക്വഡോർ ഗോൾ വഴങ്ങാതെ അവസാനിപ്പിക്കുന്നത്‌. ഗ്രൂപ്പ്‌ എയിൽ 25ന്‌ നെതർലൻഡ്‌സുമായാണ്‌ ഇക്വഡോറിന്റെ അടുത്ത കളി. ഖത്തർ അന്നുതന്നെ സെനെഗലിനെ നേരിടും. Read on deshabhimani.com

Related News