ഇറാൻ മതിൽ, ഇംഗ്ലീഷ്‌ വേഗം

twitter.com/England


ദോഹ> നിസാരക്കാരല്ല ഇറാൻ. ഇന്ന്‌ ഖലീഫ സ്‌റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ ഇംഗ്ലണ്ട്‌ പരിശീലകൻ ഗാരെത്‌ സൗത്‌ഗേറ്റിന്‌ ആ വെല്ലുവിളി കൃത്യമായി അറിയാം. കിരീടംതന്നെ കൊതിക്കുന്ന ഇംഗ്ലണ്ടിന്‌ ഇറാനെന്ന ആദ്യ കടമ്പ ആധികാരികമായിതന്നെ കടക്കേണ്ടതുണ്ട്‌. ഇറാൻ ഏഷ്യയുടെ കരുത്താണ്‌. തുടർച്ചയായ മൂന്നാം ലോകകപ്പ്‌.  ഒരു ലോകകപ്പിലും ഗ്രൂപ്പുഘട്ടം കടക്കാനായില്ലെങ്കിലും പ്രതിരോധക്കളി കൊണ്ട്‌ എതിരാളികളെ അസ്വസ്ഥരാക്കാൻ ഇറാന്‌ കഴിയും. കടലാസിൽ ഇംഗ്ലണ്ട്‌ വമ്പൻമാരാണ്‌. കളത്തിൽ അത്‌ തെളിയുന്നില്ല എന്നതാണ്‌ സമീപകാലത്തെ പ്രകടനങ്ങൾ തെളിയിക്കുന്നത്‌. യുവേഫ നേഷൻസ്‌ ലീഗിൽ അടിതെറ്റി. ഇംഗ്ലീഷ്‌ ലീഗിലെ ഏറ്റവും മികച്ച ഗോളടിക്കാരുണ്ടായിട്ടും മുന്നേറ്റത്തിന്‌ മൂർച്ചയില്ല. പ്രതിരോധവും പാളി. ഹംഗറിക്ക്‌ മുന്നിൽ നാല്‌ ഗോളിന്‌ തകർന്നടിഞ്ഞു. ലോകകപ്പിൽ അതൊക്കെ മറന്നേക്കൂ എന്നാണ്‌ സൗത്‌ഗേറ്റിന്റെ ഉറപ്പ്‌. നിലവിലെ മൂന്നാംസ്ഥാനക്കാരാണ്‌. യൂറോയിലെ റണ്ണറപ്പുകളും. ആ മികവ്‌ അങ്ങനെ കെട്ടുപോകില്ലെന്നും സൗത്‌ഗേറ്റ്‌ പറയുന്നു. ഹാരി കെയ്‌ൻ, ബുകായോ സാക്ക, ജാക്‌ ഗ്രീലിഷ്‌, ജൂഡ്‌ ബെല്ലിങ്‌ഹാം തുടങ്ങിയ വൻനിരയുണ്ട്‌.  കെയ്‌ൻ 2018 ലോകകപ്പിലെ മികച്ച ഗോളടിക്കാരനായിരുന്നു. ജയിംസ്‌ മാഡിഡണിന്റെ പരിക്ക്‌ ആശങ്കയാണ്‌. കഴിഞ്ഞ ലോകകപ്പിൽ മൊറോക്കോയെ വീഴ്‌ത്തിയാണ്‌ ഇറാൻ കരുത്തുകാട്ടിയത്‌. കരുത്തരായ പോർച്ചുഗലിനെ സമനിലയിൽ തളച്ചു. ഇക്കുറി നോക്കൗട്ടാണ്‌ ഇറാന്റെ ലക്ഷ്യം. പോർച്ചുഗീസ്‌ ക്ലബ് പോർട്ടോയുടെ മുന്നേറ്റതാരം മെഹ്‌ദി തരേമിയാണ്‌ പ്രധാനതാരം. യോഗ്യതാമത്സരത്തിൽ 10 ഗോൾ നേടിയ സർദാർ അസ്‌മൗനുമാണ്‌ പ്രധാന താരങ്ങൾ. Read on deshabhimani.com

Related News