ലോകകപ്പ്‌ ഇപ്പഴേ തുടങ്ങി

ദോഹയിൽ സ്ഥാപിച്ച കൗണ്ട് ഡൗൺ ക്ലോക്കിൽ 100 ദിവസം തെളിഞ്ഞപ്പോൾ


നാട്ടിലെ ഉത്സവപ്പറമ്പിൽ നിൽക്കുന്നപോലെയാണ്‌. ഇനിയും 100 ദിവസമുണ്ടെങ്കിലും എല്ലാവരും ലോകകപ്പ്‌ ആവേശത്തിലായി. പ്രത്യേകിച്ച്‌ ഫുട്‌ബോളിനെ ഇഷ്‌ടപ്പെടുന്ന മലയാളികൾ. കൗണ്ട്‌ഡൗൺ ആഘോഷം തുടങ്ങി. മൂന്ന്‌ ദിവസത്തെ ആഘോഷം ഇന്നവസാനിക്കും. പുറത്ത്‌ ചൂട്‌ 40 ഡിഗ്രിക്കുമുകളിലാണ്‌. അതിനാൽ ആരാധകരുടെയും ഫുട്‌ബോൾ പ്രേമികളുടെയും സൗകര്യം കണക്കിലെടുത്ത്‌ മൂന്ന്‌ മാളുകളിലാണ്‌ ആഘോഷപരിപാടികൾ ആസൂത്രണം ചെയ്‌തിട്ടുള്ളത്‌. ദോഹ ഫെസ്‌റ്റിവൽസിറ്റി, പ്ലേസ്‌ വെൻഡോം, മാൾ ഓഫ്‌ ഖത്തർ എന്നീ കേന്ദ്രങ്ങളിലാണ്‌ കൗണ്ട്‌ഡൗൺ ആഘോഷം. അവിടെ വിവിധ മത്സരങ്ങളും കലാപരിപാടികളുമുണ്ട്‌. ഷൂട്ടൗട്ട്‌ മത്സരത്തിലെല്ലാം കുടുംബസമേതം പങ്കെടുക്കുന്നവരെ കാണാം. സമ്മാനമായി കിട്ടുന്ന കളിയുടെ ടിക്കറ്റ്‌ പ്രധാന ആകർഷണമാണ്‌. ദോഹയിലെ കോർണിഷാണ്‌ മറ്റൊരു ഒത്തുകൂടൽ കേന്ദ്രം. ലോകകപ്പുസമയത്ത്‌ ഈ കടൽത്തീരം ഫാൻ സോണായിമാറും. ഷെറാട്ടൻ ഹോട്ടൽമുതൽ 974 കണ്ടെയ്‌നർ സ്‌റ്റേഡിയംവരെയുള്ള ഏഴ്‌ കിലോമീറ്റർ ദൂരമാണ് അണിഞ്ഞൊരുങ്ങുന്നത്‌. റോഡിന്‌ ഇരുവശവും ഈന്തപ്പനയോലയുടെ മാതൃകയിലുള്ള തെരുവുവിളക്കുകൾ പ്രകാശത്തിനൊപ്പം അലങ്കാരവുമാണ്‌. ലോകകപ്പിനെത്തുന്ന ടീമുകളുടെ ദേശീയപതാകകൾ ഇവിടെ നിറഞ്ഞിട്ടുണ്ട്‌. ഇതുപോലെ നാലോ അഞ്ചോ ഫാൻ സോണുകൾ ഉണ്ടാകും. ഡയസ്‌ തോട്ടാൻ (ദോഹയിൽ എൻജിനിയറും തൃശൂർ ഗവ. എൻജിനിയറിങ് കോളേജ്‌ പൂർവവിദ്യാർഥി സംഘടനയായ QGET അംഗവും. തൃശൂർ സ്വദേശി) Read on deshabhimani.com

Related News