ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് ഫിഫയുടെ വിലക്ക്



ന്യൂഡൽഹി> ഓൾ ഇന്ത്യൻ ഫുഡ്ബോൾ അസോസിയേഷന് (എഐഎഫ്എഫ്) ഫിഫയുടെ വിലക്ക്. ഫിഫ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് വിലക്ക്. ഇതോടെ അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യയ്ക്ക് നഷ്ടമാകും. അസോസിയേഷൻ ഭരണത്തിൽ പുറത്ത് നിന്നുണ്ടായ ഇടപെടലാണ് നടപടിക്ക് കാരണം. എഐഎഫ്എഫിന് സുപ്രീം കോടതി ഒരു താൽക്കാലിക ഭരണസമിതി വച്ചിരുന്നു. ഇത് ഫിഫയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടന്നതെന്ന് ഫിഫ പ്രസ്താവനയിൽ വ്യക്തമാക്കി. എ.ഐ.എഫ്.എഫില്‍ ബാഹ്യ ഇടപെടലുകളുണ്ടായതായി ഫിഫ വ്യക്തമാക്കുന്നു. കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ പ്രഫുല്‍ പട്ടേല്‍ എ.ഐ.എഫ്.എഫിന്റെ തലവനായി തുടരുന്നത് ഫിഫയുടെ ചട്ടലംഘനമാണ്. സുപ്രീംകോടതിയുടെ ഇടപെടലുണ്ടായിട്ടും സ്ഥാനമൊഴിയാന്‍ പ്രഫുല്‍ പട്ടേല്‍ തയ്യാറായില്ല. വീണ്ടും തെരഞ്ഞെടുപ്പ് നടത്തി ഇന്ത്യന്‍ ഫുട്ബോളിന്റെ നിയന്ത്രണം എ.ഐ.എഫ്.എഫ് ഏറ്റെടുക്കുന്നതുവരെ വിലക്ക് തുടരും. ഫിഫയുടെ വിലക്ക് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. ഒക്ടോബറില്‍ നടക്കേണ്ട അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇതോടെ നഷ്ടമാകും. കൂടാതെ ഒരു അന്താരാഷ്ട്ര മത്സരത്തിലും ഇന്ത്യയുടെ പുരുഷ വനിതാ ടീമുകള്‍ക്ക് പങ്കെടുക്കാനാകില്ല. ജൂനിയര്‍ സീനിയര്‍ തലത്തില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് തിരിച്ചടിയാകും ഫിഫയുടെ വിലക്ക്. Read on deshabhimani.com

Related News