ഇറ്റലിക്കും ഭയം ; ലോകകപ്പ്‌ യോഗ്യതയ്‌ക്ക്‌ പ്ലേ ഓഫ്‌ കളിക്കണം



  ബെൽഫാസ്‌റ്റ്‌ ഇറ്റലിക്ക് വീണ്ടും ചങ്കിടിപ്പ്. തുടർച്ചയായ രണ്ടാംതവണയും ഇറ്റലി പ്ലേ ഓഫിലേക്ക് വീണു. കഴിഞ്ഞ ലോകകപ്പിൽ പ്ലേ ഓഫിൽ തട്ടിയാണ് ഇറ്റലിക്ക് യോഗ്യത കിട്ടാതിരുന്നത്. യൂറോപ്യൻ ചാമ്പ്യൻമാരെന്ന പകിട്ടുമായെത്തിയ ഇറ്റലിക്ക് തുടർ സമനിലകളാണ് ഖത്തർ ലോകകപ്പിലേക്കുള്ള വഴി ദുർഘടമാക്കിയത്. നിർണായകമത്സരത്തിൽ വടക്കൻ അയർലൻഡിനോട് ഗോളടിക്കാതെ പിരിയുകയായിരുന്നു. യൂറോയിലെ മുൻ ചാമ്പ്യൻമാരായ പോർച്ചുഗൽ പ്ലേ ഓഫിലാണ്. പോളണ്ട്, സ്വീഡൻ, റഷ്യ ടീമുകളും ഒപ്പമുണ്ട്. ആകെ 12 ടീമുകളാണ് പ്ലേ ഓഫിൽ. ഇതിൽ മൂന്നു ടീമുകൾക്കുമാത്രമാണ് യോഗ്യത. അതിനാൽത്തന്നെ കഠിനമായിരിക്കും മത്സരങ്ങൾ. ഗ്രൂപ്പ് സിയിൽ ഇറ്റലിയെ മറികടന്ന് സ്വിറ്റ്സർലൻഡ് യോഗ്യത നേടി. ബൾഗേറിയയെ നാല് ഗോളിന് തകർത്തായിരുന്നു സ്വിസുകാരുടെ മുന്നേറ്റം. സാൻ മരീനോയെ 10 ഗോളിന് തകർത്ത് ഇംഗ്ലണ്ടും ലോകകപ്പിനെത്തി. പോളണ്ട്, സ്കോട്-ലൻഡ് ടീമുകൾ പ്ലേ ഓഫിൽ കടന്നു. ഗ്രൂപ്പ് സിയിൽ ഇറ്റലിക്ക് ജയം അനിവാര്യമായിരുന്നു. എന്നാൽ, നിർണായകമത്സരത്തിൽ അവർക്ക് കാലിടറി. സ്വിസുകാർ വമ്പൻ ജയം സ്വന്തമാക്കുകയും ചെയ്തതോടെ പ്രതീക്ഷ തകർന്നു. റഷ്യൻ ലോകകപ്പിൽ ഇറ്റലിക്ക് യോഗ്യത കിട്ടാതിരുന്നത് അവരുടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വേദന നിറഞ്ഞ നിമിഷമായിരുന്നു. പ്ലേ ഓഫിൽ സ്വീഡനുമുന്നിൽ തകരുകയായിരുന്നു. അതിനുശേഷം റോബർട്ടോ മാൻസീനിക്കുകീഴിൽ അപരാജിത കുതിപ്പുമായി യൂറോ കിരീടം സ്വന്തമാക്കിയാണ് ഇറ്റലി തിരിച്ചെത്തിയത്. പക്ഷേ, ലോകകപ്പ് യോഗ്യതാഘട്ടത്തിൽ നാല് സമനിലകൾ വഴങ്ങിയത് തിരിച്ചടിയായി. അവസാന അഞ്ചു കളിയിൽ നാല് സമനില. ഇതിൽ സ്വന്തം തട്ടകത്തിൽ ബൾഗേറിയയോട് കുരുങ്ങിയത് ഇറ്റലിക്ക് വലിയ ക്ഷീണമായി. ഗ്രൂപ്പ് ഐയിൽ 10 കളിയിൽ 36 ഗോൾ അടിച്ചുകൂട്ടിയാണ് ഇംഗ്ലണ്ട് ഖത്തർ ലോകകപ്പിന് ടിക്കറ്റ് ഉറപ്പിച്ചത്. സാൻ മരീനോയ്ക്കെതിരെ നാല് ഗോളുമായി ഹാരി കെയ്ൻ കളംനിറഞ്ഞു. 48 ഗോളുമായി ഗാരി ലിനേക്കറുടെ റെക്കോഡിനൊപ്പമെത്തി. തുടർച്ചയായ രണ്ടാംതവണയാണ് കെയ്ൻ ഹാട്രിക് നേടുന്നത്. Read on deshabhimani.com

Related News