ബാഴ്‌സയ്‌ക്ക്‌ ജയിക്കണം ; അത്ഭുതംകാട്ടാൻ സാവിക്കും കൂട്ടർക്കും കഴിയുമോ



മ്യൂണിക് അലയൻസ് അരീനയിൽ അത്ഭുതംകാട്ടാൻ സാവിക്കും കൂട്ടർക്കും കഴിയുമോ. ചാമ്പ്യൻസ് ലീഗിലെ ജീവൻമരണ പോരാട്ടത്തിലാണ് സാവിയുടെ ബാഴ്സലോണ സംഘം. ബയേൺ മ്യൂണിക്കിനോട് തോറ്റാൽ മുൻ ചാമ്പ്യൻമാർക്ക് പ്രീ ക്വാർട്ടർ നഷ്ടമാകും. ഗ്രൂപ്പ് ഇയിൽ 15 പോയിന്റുമായി ബയേൺ നോക്കൗട്ടിലേക്ക് കടന്നു. രണ്ടാമതുള്ള ബാഴ്സയ്ക്ക് ഏഴും മൂന്നാമതുള്ള ബെൻഫിക്കയ്ക്ക് അഞ്ചും അവസാനസ്ഥാനത്തുള്ള ഡെെനാമോ കീവിന് ഒരു പോയിന്റുമാണുള്ളത്. ബാഴ്സയും ബെൻഫിക്കയുമാണ് രണ്ടാംസ്ഥാനത്തിനായി പോരടിക്കുന്നത്. ബെൻഫിക്കയ്ക്ക് ഇന്ന് ഡെെനാമോ കീവാണ് എതിരാളികൾ. ബയേണിനോട് തോൽവിയോ സമനിലയോ വഴങ്ങുകയും ബെൻഫ-ിക്ക ഡെെനാമോയെ തോൽപ്പിക്കുകയും ചെയ്താൽ ബാഴ്സയ്ക്ക് മടങ്ങാം. യൂറോപ ലീഗിൽ കളിക്കാം. പരിശീലക കുപ്പായത്തിൽ സാവിയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ മത്സരം. ചാമ്പ്യൻസ് ലീഗിൽ ആദ്യ മത്സരമാണ്. ബയേണിന്റെ തട്ടകമായ അലയൻസ് അരീനയിൽ കാര്യങ്ങൾ അനുകൂലമാകില്ല ബാഴ്സയ്ക്ക്. നൗകാമ്പിൽ മൂന്ന് ഗോളിനാണ് ബയേണിനോട് ബാഴ്സ തോറ്റത്. ബെൻഫിക്കയോടും മൂന്ന് ഗോളിന് തോറ്റു. ഡെെനാമോയെ ഒരു ഗോളിന് കീഴടക്കിയാണ് പ്രതീക്ഷ നിലനിർത്തിയത്. എന്നാൽ അവസാനമത്സരത്തിൽ ബെൻഫിക്കയോട് സ്വന്തം തട്ടകത്തിൽ സമനിലയിൽ കുരുങ്ങിയതോടെ തിരിച്ചടിയേറ്റു. ആറ് ഗോൾ വഴങ്ങിയപ്പോൾ രണ്ടെണ്ണം മാത്രമാണ് ബാഴ്സയ്ക്ക് തിരിച്ചടിക്കാനായത്. സ്പാനിഷ് ലീഗിൽ അവസാനമത്സരത്തിൽ റയൽ ബെറ്റിസിനോടും തോറ്റു. സാവിയുടെകീഴിൽ ആദ്യ തോൽവി. ബയേൺ ബൊറൂസിയ ഡോർട്ട്മുണ്ടിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കളത്തിലിറങ്ങുന്നത്. ഗോളടിച്ചുകൂട്ടുന്ന റോബർട്ട് ലെവൻഡോവ്സ്കിയാണ് അവരുടെ കുന്തമുന. തോമസ് മുള്ളർ, ലിറോയ് സാനെ, സെർജി നാബ്രി തുടങ്ങി മുന്നേറ്റത്തിൽ കരുത്തുറ്റ നിരയാണ്. പ്രതിരോധവും ബാഴ്സയ്ക്ക് വെല്ലുവിളിയാണ്. ഇതിനിടെ പരിശീലകൻ ജൂലിയൻ നാഗെൽസ്‌മാൻ മുൻനിരതാരങ്ങളെ പുറത്തിരുത്താനും സാധ്യതയുണ്ട്. ബാഴ്സ നിരയിൽ ഉസ്മാൻ ഡെംബെലെ ഇറങ്ങിയേക്കും. ഒമിക്രോൺ ആശങ്കകാരണം സ്റ്റേഡിയത്തിൽ കാണികളെ അനുവദിച്ചിട്ടില്ല. മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണെെറ്റഡ് യങ് ബോയ്സിനെയും വിയ്യാറയൽ അറ്റ്-ലാന്റയെയും നേരിടും. സെവിയ്യ–സാൽസ്ബുർഗ് മത്സരവും ഇന്ന് നടക്കും. Read on deshabhimani.com

Related News