ക്ലാസിക്കോയിൽ ബാഴ്‌സ ; റയലിനെ 1–0ന് തോൽപ്പിച്ചു



മാഡ്രിഡ്‌ ക്ലാസിക്കോയിൽ ബാഴ്‌സലോണതന്നെ. റയൽ മാഡ്രിഡിന്റെ തട്ടകത്തിൽ ഒരു ഗോളിന്‌ ജയിച്ച ബാഴ്‌സ സ്‌പാനിഷ്‌ കിങ്‌സ്‌ കപ്പിന്റെ ആദ്യപാദ സെമി സ്വന്തമാക്കി. റയൽ പ്രതിരോധക്കാരൻ എദെർ മിലിറ്റാവോയുടെ പിഴവുഗോളിലാണ്‌ ബാഴ്‌സയുടെ ജയം. രണ്ടാംപാദം ബാഴ്‌സ തട്ടകമായ നൗകാമ്പിൽ ഏപ്രിൽ നാലിനാണ്‌. തുടർത്തോൽവികളുടെ ഭാരവുമായി സാന്റിയാഗോ ബെർണബ്യൂവിലെത്തിയ ബാഴ്‌സ, പ്രതിരോധത്തിലൂന്നിയാണ്‌ കളിച്ചത്‌. റോബർട്ട്‌ ലെവൻഡോവ്‌സ്‌കി, പെഡ്രി, ഉസ്‌മാൻ ഡെംബെലെ എന്നിവരുടെ അഭാവത്തിൽ ബാഴ്‌സയുടെ മുന്നേറ്റത്തിന്‌ മൂർച്ചകെട്ടു. എന്നാൽ, കിട്ടിയ ആദ്യ അവസരത്തിൽ അവർ ലക്ഷ്യംകണ്ടു. ഫ്രാങ്ക്‌ കെസിയുടെ ഷോട്ട്‌ റയൽ ഗോൾകീപ്പർ തിബൗ കുർടോ തടഞ്ഞു. എന്നാൽ, ഓടിയെത്തിയ മിലിറ്റാവോയിൽത്തട്ടി പന്ത്‌ സ്വന്തം വലയിലേക്ക്‌ തിരിച്ചുകയറി. നാച്ചോ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. റഫറി ആദ്യം ഓഫ്‌ സൈഡ്‌ വിധിച്ചെങ്കിലും വീഡിയോ പരിശോധനയിൽ തിരുത്തി. യൂറോപ ലീഗിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിനോടും സ്‌പാനിഷ്‌ ലീഗിൽ അൽമേറിയയോടും തോൽവി പിണഞ്ഞ സാവിക്കും സംഘത്തിനും ഈ ജയം ആത്മവിശ്വാസം നൽകും. അഞ്ച്‌ മാറ്റങ്ങളുമായാണ്‌ സാവി ടീമിനെ ഇറക്കിയത്‌. പ്രതിരോധത്തെ മുഴുവനായും മാറ്റി. മറുവശത്ത്‌ കരിം ബെൻസെമയും വിനീഷ്യസ്‌ ജൂനിയറും ഫെഡറികോ വാൽവെർദയും ഉൾപ്പെട്ട കരുത്തുറ്റ നിരയുണ്ടായിട്ടും റയലിന്‌ സ്വന്തം തട്ടകത്തിൽ മികവുകാട്ടാനായില്ല. വിനീഷ്യസിനെ റൊണാൾഡോ അറൗഹോയും ഫ്രെങ്കി ഡി യോങ്ങും പൂട്ടിയതോടെ റയലിന്റെ ആക്രമണം നിലച്ചു. Read on deshabhimani.com

Related News