യൂറോപ ലീഗ് ഫെെനൽ , ചൂടൻ രംഗങ്ങൾ ; മെഡൽ വലിച്ചെറിഞ്ഞ്‌ മൊറീന്യോ



ബുഡാപെസ്റ്റ്‌ യൂറോപ ലീഗ്‌ ഫൈനൽ തോൽവിക്കുശേഷം അതൃപ്‌തി പരസ്യമായി പ്രകടിപ്പിച്ച്‌ റോമ പരിശീലകൻ ഹൊസെ മൊറീന്യോ. രണ്ടാംസ്ഥാനക്കാർക്ക്‌ കിട്ടിയ വെള്ളി മെഡൽ കുട്ടിയാരാധകന്‌ വലിച്ചെറിഞ്ഞു നൽകി.‘വെള്ളി മെഡൽ എനിക്കാവശ്യമില്ല. അതിനാലത്‌ കൈയിൽ സൂക്ഷിക്കുന്നുമില്ല’–-ഇതായിരുന്നു പോർച്ചുഗൽ പരിശീലകന്റെ വിശദീകരണം. മത്സരം നിയന്ത്രിച്ച റഫറി ആന്തണി ടെയ്‌ലർക്കെതിരെയും മൊറീന്യോ രംഗത്തെത്തി. മത്സരശേഷം ടീമുകൾ ഹോട്ടലിലേക്ക്‌ മടങ്ങിപ്പോകുന്നതിനിടെ റഫറിയോട്‌ കയർത്തു. ചൂടുപിടിച്ച ഫൈനലിൽ ആകെ 14 മഞ്ഞ കാർഡാണ്‌ റഫറി വീശിയത്‌. എട്ടെണ്ണവും റോമയ്‌ക്കായിരുന്നു. മൊറീന്യോ ഉൾപ്പെടെ കളിക്കിടെ നിയന്ത്രണംവിട്ട റോമ പരിശീലകസംഘത്തിനുനേരെയും റഫറി കാർഡ്‌ വീശി. 40 ഫൗളാണ്‌ മത്സരത്തിലുണ്ടായത്‌. അധികസമയമായി 21 മിനിറ്റ്‌ ആകെ അനുവദിച്ചു. റഫറി പക്ഷപാതം കാട്ടിയെന്ന്‌ റോമ ആരോപിച്ചു. Read on deshabhimani.com

Related News