സ്പെയ്നിന് 
സ്കോട്ടിഷ് ഷോക്ക്



ഗ്ലാസ്‌ഗോ പരിശീലകനെ മാറ്റിയിട്ടും പുതുനിരയെ കൊണ്ടുവന്നിട്ടും സ്‌പെയ്‌നിന്‌ രക്ഷയില്ല. യൂറോ കപ്പ്‌ യോഗ്യതാ ഫുട്‌ബോളിൽ സ്‌കോട്‌ലൻഡിനോട്‌ രണ്ട്‌ ഗോളിന്‌ വീണു. ഖത്തർ ലോകകപ്പിൽ ജപ്പാനോടും മൊറോക്കോയോടും തോറ്റിരുന്നു. പ്രീ ക്വാർട്ടറിൽ പുറത്താകുകയും ചെയ്‌തു. 2014നുശേഷം ആദ്യമായാണ്‌ യൂറോ യോഗ്യതാ പോരിൽ സ്‌പാനിഷ്‌ പട തോൽവിയറിയുന്നത്‌. സ്‌കോട്‌ലൻഡിനെതിരെ 1984നുശേഷവും. ചരിത്രത്തിൽ മൂന്നുതവണമാത്രമാണ്‌ സ്‌കോട്ടുകൾ സ്‌പെയ്‌നിനെ കീഴടക്കിയത്‌. ഇരട്ടഗോൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ സ്‌കോട്ട്‌ മക്‌ട്ടോമിനിയാണ്‌ വിജയശിൽപ്പി. ഗ്രൂപ്പ്‌ എയിൽ രണ്ടും ജയിച്ച്‌ ആറ്‌ പോയിന്റുമായി ഒന്നാമതാണവർ. സ്‌പെയ്‌ൻ (3) രണ്ടാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. ഗ്ലാസ്‌ഗോയിലെ ഹാംപ്‌ദെൻ പാർക്കിൽ സ്വന്തം കാണികൾക്കുമുന്നിൽ സ്‌കോട്‌ലൻഡിന്റെ പോരാളികൾ, സ്‌പെയ്‌നിന്റെ അടിവേരിളക്കി. കളിയുടെ 75 ശതമാനവും പന്ത്‌ കാലിൽവച്ചിട്ടും 661 പാസുകൾ കൈമാറിയിട്ടും സ്‌പെയ്‌നിന്‌ കാര്യമുണ്ടായില്ല. എതിരാളിയുടെ പ്രത്യാക്രമണത്തിൽ തളർന്നുപോയി. ലോകകപ്പിൽ വരുത്തിയ അതേ പിഴവ്‌ ആവർത്തിച്ചു. പുതിയ പരിശീലകൻ ലൂയിസ്‌ ഡെ ല ഫുന്റെയും മുൻഗാമികളുടെ പാത പിന്തുടർന്നു. പാസുകൾ കേന്ദ്രീകരിച്ചുള്ള കളിയിൽ ഗോളിലേക്ക്‌ മൂന്നുതവണമാത്രമാണ്‌ ഷോട്ടുതിർത്തത്‌. ഏഴാംമിനിറ്റിൽ ക്യാപ്‌റ്റൻ ആൻഡി റോബർട്‌സണിന്റെ ഇടതുവശത്തെ ക്രോസിൽനിന്നാണ്‌ മക്‌ട്ടോമിനി ആദ്യം ലക്ഷ്യം കണ്ടത്‌. സ്‌പാനിഷ്‌ പ്രതിരോധക്കാരൻ പെഡ്രോ പൊറൊയുടെ പിഴവിൽനിന്നായിരുന്നു റോബർട്‌സൺ പന്ത്‌ പിടിച്ചെടുത്തത്‌. ഇടവേള കഴിഞ്ഞയുടനെ മക്‌ട്ടോമിനി ലീഡുയർത്തി. സൈപ്രസിനെതിരായ കഴിഞ്ഞകളിയിലും ഇരുപത്താറുകാരൻ ഇരട്ടഗോൾ നേടിയിരുന്നു. മറ്റു മത്സരങ്ങളിൽ ക്രൊയേഷ്യ തുർക്കിയെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ചു. മാറ്റിയോ കൊവാസിച്ചാണ് ഇരട്ടഗോൾ കുറിച്ചത്‌. സ്വിറ്റ്‌സർലൻഡ്‌ ഇസ്രേയലിനെ മൂന്ന്‌ ഗോളിന്‌ തകർത്തു. യൂറോ യോഗ്യതയിലെ ആദ്യഘട്ട മത്സരങ്ങൾ അവസാനിച്ചു. ജൂൺ പതിനാറിനാണ്‌ അടുത്ത റൗണ്ട്‌ തുടങ്ങുന്നത്‌. Read on deshabhimani.com

Related News