എവർട്ടൺ പിടിച്ചുനിന്നു



ലണ്ടൻ മനോഹരമായ തിരിച്ചുവരവിലൂടെ എവർട്ടൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ  തരംതാഴ്‌ത്തൽ മേഖലയിൽനിന്ന് രക്ഷപ്പെട്ടു. ഒരുകളി ശേഷിക്കെ 39 പോയിന്റുമായി 16–ാം സ്ഥാനം എവർട്ടൺ ഉറപ്പിച്ചു.ജയംമാത്രം ലക്ഷ്യമിട്ടിറങ്ങിയ കളിയിൽ എവർട്ടണ് തുടക്കം പതറി. ക്രിസ്റ്റൽ പാലസ് ആദ്യനിമിഷങ്ങളിൽ രണ്ട് ഗോൾ തൊടുത്ത് വിറപ്പിച്ചു. എന്നാൽ, രണ്ടാംപകുതിയിൽ നടത്തിയ മിന്നുന്ന പ്രകടനം എവർട്ടണ് 3–2ന്റെ അവിശ്വസനീയ ജയമൊരുക്കി. മെെക്കേൽ കീനിലൂടെ 54–ാം മിനിറ്റിൽ ഒരു ഗോൾ തിരിച്ചടിച്ച എവർട്ടൺ റിച്ചാർലിസൺ, കാൾവെർട്ട് ലെവിൻ എന്നിവരിലൂടെ ജയം പൂർത്തിയാക്കി. കളി തീരാൻ അഞ്ച് മിനിറ്റ് ശേഷിക്കെയായിരുന്നു കാൾവെർട്ട് ലെവിന്റെ വിജയഗോൾ. കാണികൾ കളത്തിലിറങ്ങിയാണ് ജയം ആഘോഷിച്ചത്. അറുപത്തെട്ട് വർഷമായി ലീഗിൽ തുടരുന്ന എവർട്ടണ് ഈ സീസൺ വെല്ലുവിളികളുടേതായിരുന്നു. 20 മത്സരങ്ങളാണ് തോറ്റത്. 11 എണ്ണത്തിൽമാത്രം ജയിച്ചു.മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ലയെ 1–1ന് പിടിച്ച് ബേൺലി താൽക്കാലികമായി കയറി. ഗോൾവ്യത്യാസത്തിൽ ലീഡ്സ് തരംതാഴ്‌ത്തൽ മേഖലയിലായി. ചെൽസിയെ 1–1ന് ലെസ്റ്റർ സിറ്റി തളച്ചു. നാളെയാണ് ലീഗിലെ അവസാന റൗണ്ട്. ഒരു പോയിന്റ് വ്യത്യാസത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ആദ്യ രണ്ടുസ്ഥാനങ്ങളിൽ നിൽക്കുന്നു. Read on deshabhimani.com

Related News