ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ : ഏഴടിച്ച് ചാമ്പ്യൻമാർ ; ഗോകുലം ക്വാർട്ടറിൽ



കൊൽക്കത്ത അസം റൈഫിൾസിനെ 7–2ന് തകർത്ത് ചാമ്പ്യൻമാരായ ഗോകുലം കേരള ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ക്വാർട്ടറിൽ. ഹാട്രിക് നേടിയ നെെജീരിയക്കാരൻ ചിസം എൽവിസ് ചിക്കത്താറയാണ് ഗോകുലത്തിന്റെ വിജയശിൽപ്പി. ബെനസ്‌റ്റോൺ രണ്ടടിച്ചപ്പോൾ റഹീം ഒസുമാനുവും കണ്ണൂരുകാരൻ സൗരവും പട്ടിക പൂർത്തിയാക്കി. ഡി ഗ്രൂപ്പിൽ ചാമ്പ്യൻമാരായാണ് ഗോകുലം മുന്നേറിയത്. 23ന് ക്വാർട്ടറിൽ കൊൽക്കത്തൻ ക്ലബ് മുഹമ്മദൻസാണ് ഗോകുലത്തിന്റെ എതിരാളി. ഹെെദരാബാദ് എഫ്സിയെ 2–1ന് തോൽപ്പിച്ച് ആർമി റെഡും അവസാന എട്ടിലിടം പിടിച്ചു. ടൂർണമെന്റിലെ ആദ്യ ഹാട്രിക്കാണ് എൽവിസ് കുറിച്ചത്. 36–ാംസെക്കൻഡിൽ ഈ മുന്നേറ്റക്കാരൻ ഗോകുലത്തിന്റെ ഗോൾവേട്ട തുടങ്ങി. ആക്രമണത്തിലൂന്നിയുള്ള ഗോകുലത്തിന്റെ കളിയിൽ റൈഫിളിന് പിടിവിട്ടു.  ഒന്നാംപകുതിയിൽ 4–1 എന്ന നിലയിലായിരുന്നു സ്കോർ. 71–ാംമിനിറ്റിൽ എൽവിസ് ഹാട്രിക് തികച്ചു. റോജർ സിങ്ങും സമുജൽ റബയും റൈഫിൾസിനായി ഗോൾമടക്കി. Read on deshabhimani.com

Related News