വൈകി ഉദിച്ച്‌ ഡൽഹി ; പഞ്ചാബ്‌ കിങ്സിനെതിരെ 15 റൺ ജയം



ധർമശാല എല്ലാം അവസാനിച്ചശേഷം ഡൽഹി ക്യാപിറ്റൽസ്‌ ഉണർന്നു. പക്ഷേ, വൈകിപ്പോയി. ഐപിഎൽ ക്രിക്കറ്റിൽ പഞ്ചാബ്‌ കിങ്സിനെതിരെ 15 റൺ ജയം. സ്‌കോർ: ഡൽഹി 2–-213, പഞ്ചാബ്‌ 8–-198. ഇംഗ്ലീഷ്‌ ബാറ്റർ ലിയം ലിവിങ്സ്‌റ്റണിന്റെ (48 പന്തിൽ 94) പോരാട്ടം പാഴായി. ഇശാന്ത്‌ ശർമയുടെ അവസാന ഓവറിൽ പഞ്ചാബിന്‌ ജയിക്കാൻ 33 റൺ വേണ്ടിയിരുന്നു. നേടാനായത്‌ 17 റൺ. ലിവിങ്സ്‌റ്റൺ രണ്ട്‌ സിക്‌സറും ഒരു ഫോറും അടിച്ച്‌ ഞെട്ടിച്ചെങ്കിലും അവസാന പന്തിൽ പുറത്തായി. അഥർവ തെയ്‌ദെ 55 റണ്ണെടുത്തു. ക്യാപ്‌റ്റൻ ശിഖർ ധവാൻ റണ്ണെടുക്കാതെ പുറത്തായി. ആൻറിച്ച്‌ നോർത്യേയും ഇശാന്തും രണ്ട്‌ വിക്കറ്റുവീതം  നേടി. ആദ്യം ബാറ്റ്‌ ചെയ്‌ത ഡൽഹിക്കായി ദക്ഷിണാഫ്രിക്കൻ താരം റിലി റൂസോ 37 പന്തിൽ 82 റണ്ണുമായി പുറത്തായില്ല. ആറുവീതം ഫോറും സിക്‌സറും പറന്ന ഇന്നിങ്സ്‌. മൂന്നാം വിക്കറ്റിൽ ഇംഗ്ലീഷ്‌ താരം ഫിലിപ്‌ സാൾട്ടുമൊത്ത്‌ (14 പന്തിൽ 26)  65 റൺ. ഓപ്പണർമാർ പതിവില്ലാതെ മികച്ച തുടക്കമാണ്‌ നൽകിയത്‌–-94 റൺ. വൈകി ഫോം കണ്ടെത്തിയ പൃഥ്വിഷാ 38 പന്തിൽ ഏഴ്‌ ഫോറും ഒരു സിക്‌സറും നിറഞ്ഞ 54 റണ്ണടിച്ചു. ക്യാപ്‌റ്റൻ ഡേവിഡ്‌ വാർണർ 31 പന്തിൽ 46 റൺ നേടി. Read on deshabhimani.com

Related News