ഫെെനൽ ആർക്ക് ; പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം



ദുബായ്‌ ഐപിഎൽ ക്രിക്കറ്റ്‌ ഫൈനലിലേക്ക്‌ ടിക്കറ്റെടുക്കാൻ ഡൽഹി ക്യാപിറ്റൽസും ചെന്നൈ സൂപ്പർ കിങ്‌സും മുഖാമുഖം. ദുബായിൽ ഇന്ന്‌ രാത്രി 7.30നാണ്‌  ഒന്നാം ക്വാളിഫയർ. ജയിക്കുന്നവർക്ക്‌ 15നുള്ള കിരീടപ്പോരിൽ സ്ഥാനമുറപ്പിക്കാം. തോറ്റവർക്ക്‌ നാളത്തെ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂർ–-കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ്‌ എലിമിനേറ്റർ മത്സരവിജയികളുമായി രണ്ടാം ക്വാളിഫയറിൽ കളിക്കാം. സീസണിൽ സ്ഥിരതയോടെ മുന്നേറിയ ടീമുകളാണ്‌ ഡൽഹിയും ചെന്നൈയും. കഴിഞ്ഞ സീസൺ ഫൈനൽവരെ മുന്നേറിയ ഡൽഹി ഇത്തവണയും മികവാവർത്തിച്ചു. ഋഷഭ്‌ പന്തിനുകീഴിൽ യുവനിരയുമായെത്തിയ ഡൽഹി 14ൽ 10 കളിയും ജയിച്ചു.  ബാറ്റിലും പന്തിലും ഒരുപോലെ മിന്നി. ഇന്ത്യൻ താരങ്ങളാണ്‌ പ്രധാന കരുത്ത്‌. ബാറ്റർമാരിൽ ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ്‌ അയ്യർ, പന്ത്‌ എന്നിവരിലാണ്‌ പ്രതീക്ഷ. ബൗളർമാരിൽ ആവേഷ്‌ ഖാനാണ്‌ കുന്തമുന. ആൻറിച്‌ നോർത്യെ, കഗീസോ റബാദ എന്നിവരുമുണ്ട്‌. ഓൾറൗണ്ടർ അക്‌സർ പട്ടേലും ചേരുമ്പോൾ ഡൽഹിനിര സമ്പൂർണമാകും. പോയ സീസണിൽ അവസാനക്കാരായ ചെന്നൈ ഇത്തവണ തിരിച്ചുവന്നു.  പ്ലേ ഓഫ്‌ ഉറപ്പിച്ച ആദ്യ ടീമായി. ക്യാപ്‌റ്റൻ മഹേന്ദ്രസിങ്‌ ധോണിയുടെ സാന്നിധ്യമാണ്‌ ഉൾക്കരുത്ത്‌. ഓപ്പണർമാരായ ഋതുരാജ്‌ ഗെയ്‌ക്‌വാദും ഫാഫ്‌ ഡു പ്ലെസിസുമാണ്‌ മിക്ക കളിയിലും ചെന്നൈയുടെ വിജയശിൽപ്പികൾ. മധ്യനിര ബാറ്റ്‌സ്‌മാൻമാരായ മൊയീൻ അലി, സുരേഷ്‌ റെയ്‌ന, അമ്പാട്ടി റായുഡു തുടങ്ങിയവർ തിളങ്ങാത്തത്‌ തിരിച്ചടിയാണ്‌. രവീന്ദ്ര ജഡേജയുടെയും ഡ്വെയ്‌ൻ ബ്രാവോയുടെയും ഓൾറൗണ്ട്‌ പ്രകടനം നിർണായകമാണ്‌. ശർദുൾ താക്കൂറാണ്‌ പേസർമാരിലെ പ്രധാനി. ദീപക് ചഹാറാണ് കൂട്ട്. അവസാനത്തെ മൂന്ന്‌ കളിയും തോറ്റാണ്‌ ചെന്നൈ ഇറങ്ങുന്നത്‌. Read on deshabhimani.com

Related News