ഹാട്രിക്‌ റൊണാൾഡോ ; രാജ്യാന്തര ഫുട്‌ബോളിൽ പത്താം ഹാട്രിക്‌



ലിസ്‌ബൺ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ ഗോളടിയിൽ പോർച്ചുഗലിന്റെ കുതിപ്പ്. രാജ്യാന്തര ഫുട്ബോളിൽ മറ്റൊരു ഹാട്രിക് കൂടി തൊടുത്ത റൊണാൾഡോ തകർപ്പൻ ജയമൊരുക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അഞ്ച് ഗോളിനാണ് ലക്സംബർഗിനെ തോൽപ്പിച്ചത്. രാജ്യാന്തര ഫുട്ബോളിൽ 10–-ാം ഹാട്രിക്കായിരുന്നു റൊണാൾഡോയ്ക്ക്. 115 ഗോളും. 10 ഹാട്രിക് നേടുന്ന ആദ്യ താരമാണ്. ഗ്രൂപ്പ് എയിൽ രണ്ടാമതാണ് പോർച്ചുഗൽ. ഒന്നാമതുള്ള സെർബിയയെക്കാൾ ഒരു പോയിന്റ് പിന്നിൽ. രണ്ട് പെനൽറ്റിയിലൂടെയായിരുന്നു റൊണാൾഡോയുടെ തുടക്കം. രണ്ടാംപകുതിയിൽ ഹാട്രിക് പൂർത്തിയാക്കി. ക്ലബ്ബിനും രാജ്യത്തിനുമായി 58–ാം ഹാട്രിക്. ബ്രൂണോ ഫെർണാണ്ടസും ജോയോ പലീന്യയും മറ്റ് ഗോളുകൾ നേടി. മുപ്പത്താറാം വയസ്സിലും ഗോളടി മികവിന് മങ്ങലേറ്റിട്ടില്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയായിരുന്നു റൊണാൾഡോ. മത്സരത്തിനിടെ ഒരു തകർപ്പൻ സിസർ കട്ട് പായിച്ചെങ്കിലും ക്രോസ് ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് ഇറാന്റെ അലി ദേയിയുടെ 109 ഗോൾ മറികടന്ന് റൊണാൾഡോ റെക്കോഡിട്ടത്. നവംബർ 11ന്‌ അയർലൻഡുമായാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം. അവസാന കളിയിൽ സെർബിയയെയും നേരിടും. ഗ്രൂപ്പിലെ ആദ്യസ്ഥാനക്കാർക്കാണ് നേരിട്ട് യോഗ്യത. രണ്ടാംസ്ഥാനക്കാർക്ക് പ്ലേ ഓഫ് കളിക്കണം. Read on deshabhimani.com

Related News