റൊണാൾഡോ ഇതാ വേദി

image credit christiano ronaldo twitter


ദോഹ> ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക്‌ ഒരു ലോകകിരീടം. ഇതാണ്‌ പോർച്ചുഗലിന്റെ മോഹം. ഖത്തറിൽ റൊണാൾഡോയ്‌ക്കായാണ്‌ കളിക്കുന്നതെന്ന്‌ പരിശീലകൻ ഫെർണാന്റോ സാന്റോസ്‌ വ്യക്തമാക്കിക്കഴിഞ്ഞു. അഞ്ചാം ലോകകപ്പാണ്‌ മുപ്പത്തേഴുകാരന്‌. രാജ്യാന്തര കുപ്പായത്തിൽ യൂറോയും നേഷൻസ്‌ ലീഗ്‌ കിരീടവും ഉയർത്തിയ റൊണാൾഡോയ്‌ക്കിത്‌ അവസാന ലോകകപ്പാണ്‌. ഒരു സ്വപ്നംകൂടി ബാക്കി. എന്നാൽ, ഒട്ടും എളുപ്പമാകില്ല കാര്യങ്ങൾ. ഗ്രൂപ്പ്‌ ഡിയിലെ ആദ്യ മത്സരത്തിൽ ആഫ്രിക്കൻ വീര്യവുമായി എത്തുന്ന ഘാനയാണ്‌ പോർച്ചുഗലിന്‌ ഇന്ന്‌ എതിരാളി. ഘാനയ്‌ക്കെതിരെ ബൂട്ട്‌ കെട്ടുമ്പോൾ സമ്മർദത്തിലാണ്‌ റെണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡുമായി വേർപിരിഞ്ഞു. ഭാവി എന്താകുമെന്ന്‌ ഉറപ്പില്ല. കളത്തിൽ പഴയ ഊർജമില്ല മുപ്പത്തേഴുകാരന്‌. ലോകകപ്പിന്റെ ഇടവേളയ്‌ക്ക്‌ പിരിഞ്ഞയുടനെ യുണൈറ്റഡ്‌ പരിശീലകനും മാനേജ്‌മെന്റിനുമെതിരെ തുറന്നടിച്ചു. ഇത്‌ കുഴപ്പത്തിലാക്കി. അവസാനിച്ചത്‌ കരാർ റദ്ദാക്കുന്നതിൽ. പ്രതിസന്ധിഘട്ടങ്ങളിൽ ഉയർത്തെഴുന്നേൽക്കുന്ന ചരിത്രമാണ്‌ റൊണാൾഡോയ്‌ക്ക്‌. ഇതിലാണ്‌ പോർച്ചുഗലിന്റെ പ്രതീക്ഷ. അഞ്ചുവട്ടം ലോകഫുട്‌ബോളറായ മുന്നേറ്റക്കാരനെ ഒരിക്കലും എഴുതിത്തള്ളാനാകില്ല. റൊണാൾഡോ മാത്രമല്ല പോർച്ചുഗൽ. എല്ലാ നിരയിലും മിന്നുംതാരങ്ങൾ. പ്രതിരോധത്തിൽ പരിചയസമ്പന്നനായ പെപെ, യുവതാരങ്ങളായ ജൊവോ കാൻസെലോ, റൂബൻ ഡയസ്‌, ദ്യേഗോ ദലോത്‌ എന്നിവർ. മധ്യനിര ബ്രൂണോ ഫെർണാണ്ടസും ബെർണാഡോ സിൽവയും വാഴും. മികച്ച നിരയുണ്ടെങ്കിലും പരിശീലകൻ സാന്റോസിന്റെ പഴഞ്ചൻ തന്ത്രങ്ങൾ ടീമിന്‌ ഗുണകരമാകില്ല. ഖത്തറിലെ ഏറ്റവും ചെറുപ്പമുള്ള ടീമാണ്‌ ഘാന. ശരാശരി പ്രായം 24 വർഷവും ഏഴ്‌ മാസവുമാണ്‌. ഡിഫൻസീവ്‌ മിഡ്‌ഫീൽഡറായ തോമസ്‌ പാർടിയാണ്‌ കുന്തമുന. ഒരുപിടി മികച്ച യുവതാരങ്ങളും ഒപ്പമുണ്ട്‌. മുഹമ്മദ്‌ കുദുസ്‌, ഇസഹാകു ഫതാവു എന്നിവർ ഈ ലോകകപ്പിന്റെ താരങ്ങളാകാൻ ശേഷിയുള്ളവർ. സഹോദരങ്ങളായ ആന്ദ്രെ അയേവ്‌–-ജോർദാൻ അയേവ്‌ സഖ്യവും ഇനാകി വില്യംസും മുന്നേറ്റത്തിൽ അണിനിരക്കും. നാൽപ്പത്തേഴുകാരൻ കോച്ച്‌ ഓട്ടോ അദുവിന്റ പദ്ധതികളും ബലമാണ്‌.   Read on deshabhimani.com

Related News