ബൽജിയത്തെ ‘തണുപ്പി’ക്കാൻ വിനയ്‌



റഷ്യയിൽ നടന്ന കഴിഞ്ഞ ലോകകപ്പ്‌. ലണ്ടനിലെ വീട്ടിലായിരുന്നു വിനയ്‌ മേനോൻ. ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ബൽജിയത്തെ നേരിടുന്നു. മത്സരത്തലേന്ന് ഫോണിൽ ബൽജിയം ക്യാപ്റ്റൻ ഏദൻ ഹസാർഡ്. മത്സരത്തിന്റെ സമ്മർദം താങ്ങാനാകാതെയാണ്‌ വിളി. 10 മിനിറ്റ് സംസാരിച്ചപ്പോൾ ഹസാർഡ്‌ കൂളായി. പിറ്റേന്ന് കളംനിറഞ്ഞ്‌ കളിച്ചു. ബൽജിയം ബ്രസീലിനെ അട്ടിമറിച്ചു. ഇത്തവണ ഹസാർഡിന്‌ സമ്മർദഘട്ടത്തിൽ ഫോൺ വിളിക്കേണ്ട. വിനയ്‌ ഒപ്പമുണ്ട്‌. ഖത്തറിലെത്തിയ ബൽജിയം ടീമിന്റെ വെൽനസ്‌ റിക്കവറി തലവനാണ്‌ എറണാകുളം ചെറായി സ്വദേശിയായ വിനയ്‌. കളിക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന നാൽപ്പത്തിനാലുകാരൻ ഹസാർഡിനും ലുക്കാക്കുവിനും ഡി ബ്രുയ്‌നുമൊക്കെ ആശ്വാസമാകും. ഒരുപതിറ്റാണ്ടായി ഇംഗ്ലീഷ് ക്ലബ് ചെൽസിയുടെ വെൽനസ് ഇൻസ്ട്രക്ടറാണ്‌. ബൽജിയം കോച്ച്‌ റോബർട്ട്‌ മാർടിനസിന്റെ താൽപ്പര്യപ്രകാരമാണ്‌ സപ്പോർട്ടിങ് സ്‌റ്റാഫിലെത്തിയത്‌. കളിസമ്മർദത്തിൽ മനസ്സ് ശാന്തമാക്കാനും ഏകാഗ്രത കിട്ടാനും  വിനയ്‌യുടെ സാന്നിധ്യം പ്രയോജനകരമാകും.   കളിക്കാരോട്‌ സംസാരിച്ച്‌ അവർക്ക്‌ മാനസികപിന്തുണ നൽകുകയാണ്‌ പ്രധാന ജോലി. ബൽജിയത്തിന്റെ സുവർണനിരയുടെ അവസാന ലോകകപ്പാണ്‌. കഴിഞ്ഞതവണ മൂന്നാംസ്ഥാനമായിരുന്നു. ഇക്കുറി വലിയ സ്വപ്‌നങ്ങളുണ്ട്‌. അതിനാൽ സമ്മർദവും. ഖത്തറിലെത്തിയതോടെ വിനയ്‌ തിരക്കിലായി. കളിക്കാരെ മത്സരത്തിന് മാനസികമായി ഒരുക്കലാണ്‌ ആദ്യഘട്ടം. അതിന്‌ അവരോട്‌ സംസാരിക്കുകയും ആത്മവിശ്വാസം ഉയർത്താനുള്ള ചെറിയ നിർദേശങ്ങൾ നൽകലുമാണ്‌ പ്രധാനം. മനസ്സ് ഏകാഗ്രമാക്കാൻ ചെറിയ വ്യായാമമുണ്ട്‌. നല്ല കേൾവിക്കാരനായി കളിക്കാരോട്‌ പോസിറ്റീവായി സംസാരിക്കലാണ്‌ അടിസ്ഥാനപാഠം. കളിക്കാരുടെ സ്വന്തം കഴിവും സാധ്യതയും ബോധ്യപ്പെടുത്തലാണ് പ്രധാനം. ചെറായി എന്ന ഗ്രാമത്തിൽനിന്ന്‌ ലണ്ടൻ നഗരത്തിലേക്കുള്ള വളർച്ച അത്ഭുതകരമാണ്‌. ചെറായി എടവനവീട്ടിൽ ഇ എസ് ഉണ്ണിക്കൃഷ്ണന്റെയും പീടികപ്പറമ്പിൽ അഹല്യയുടെയും മകനായ വിനയ്‌യുടെ സ്കൂൾപഠനം ചെറായി രാമവർമ സ്കൂളിലായിരുന്നു. കോളേജ് വിദ്യാഭ്യാസം ഇരിങ്ങാലക്കുട ക്രൈസ്റ്റിൽ. പുണെ കൈവല്യധാം യോഗ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പിജി ഡിപ്ലോമയെടുത്തു. അവിടെ യോഗ ട്രെയിനറായി ജോലി ആരംഭിച്ചു. പിന്നീട് പോണ്ടിച്ചേരി സർവകലാശാലയിൽ രണ്ടരവർഷത്തോളം ഫാക്കൽറ്റിയായി. പിന്നീട് രാജ്യത്തെ പ്രമുഖ സ്പാ കേന്ദ്രമായ ഉത്തരാഖണ്ഡിലെ ആനന്ദയിൽ യോഗ ആൻഡ്‌ വെൽനെസ് ചീഫ് ഇൻസ്ട്രക്ടറായിരുന്നു. പിന്നീട് ദുബായിലേക്ക്. അവിടെ ജുമേറ ഇന്റർനാഷണലിൽ വെൽനെസ് കൺസൾട്ടന്റ്. അവിടെയും അഞ്ചുവർഷം. പിന്നെ ലണ്ടനിലേക്ക്. 2008 മുതൽ ചെൽസി ക്ലബ്ബിന്റെ ഭാഗം. Read on deshabhimani.com

Related News