മാഡ്രിഡിൽ ലിവർപൂൾ

മുഹമ്മദ്‌ സലാ photo credit liverpool fc twitter


മാഡ്രിഡ്‌ ലിവർപൂളിന്റെ കുതിപ്പിൽ അത്‌ലറ്റികോ മാഡ്രിഡും അടിപതറി. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ അത്‌ലറ്റികോയുടെ കോട്ടയായ വാണ്ട മെട്രാപൊളിറ്റാനോ സ്‌റ്റേഡിയത്തിൽ 3–-2നാണ്‌ ലിവർപൂളിന്റെ ജയം. ഗോളടി തുടരുന്ന ഈജിപ്‌തുകാരൻ മുഹമ്മദ്‌ സലായാണ്‌ വിജയശിൽപ്പി. സലാ രണ്ട്‌ ഗോളടിച്ചു. നബി കെയ്‌റ്റയുടെ വകയായിരുന്നു മറ്റൊന്ന്‌. തുടക്കം രണ്ടുഗോളിന്‌ പിന്നിട്ടുനിന്ന അത്‌ലറ്റികോയെ ഒൺടോയ്‌ൻ ഗ്രീസ്‌മാനാണ്‌ ഒപ്പമെത്തിച്ചത്‌. 52–-ാംമിനിറ്റിൽ ഗ്രീസ്‌മാൻ ചുവപ്പുകാർഡ്‌ കണ്ട്‌ മടങ്ങിയത്‌ അത്‌ലറ്റികോയെ തളർത്തി. അവസാന 21 കളിയിലും തോൽവി അറിയാതെയാണ്‌ യുർഗൻ ക്ലോപിന്റെ ലിവർപൂൾ മുന്നേറുന്നത്‌. കഴിഞ്ഞ ഒമ്പത്‌ കളിയിൽ മാത്രം 30 ഗോളടിച്ചു. പ്രതിരോധത്തിന് പേരുകേട്ട അത്‌ലറ്റികോയ്‌ക്കെതിരെ അവരുടെ തട്ടകത്തിൽ ആക്രമണമായിരുന്നു ലിവർപൂളിന്റെ മന്ത്രം. സലാ–-സാദിയോ മാനെ–-റോബർട്ടോ ഫിർമിനോ ത്രയത്തെ അണിനിരത്തി ക്ലോപ്‌ നടത്തിയ നീക്കം വിജയം കണ്ടു. സലായിലൂടെയും കെയ്‌റ്റയിലൂടെയും 13 മിനിറ്റിനുള്ളിൽ ലിവർപൂൾ രണ്ട്‌ ഗോളിന്‌ മുന്നിലെത്തി. എന്നാൽ ഗ്രീസ്‌മാന്റെ മികവിനുമുന്നിൽ വിരണ്ടു. ബാഴ്‌സലോണയിൽനിന്ന്‌ അത്‌ലറ്റികോയിൽ തിരിച്ചെത്തിയ ഫ്രഞ്ചുകാരൻ ആദ്യമായി ഈ സീസണിൽ മികച്ച പ്രകടനം നടത്തി. ഇരട്ടഗോളുമായി അത്‌ലറ്റികോയെ ഒപ്പമെത്തിച്ചു. രണ്ടാംപകുതിയുടെ തുടക്കം ഫിർമിനോയെ അപകടകരമായി ചവിട്ടിയതിന്‌ ഗ്രീസ്‌മാൻ പുറത്തുപോയതോടെ അത്‌ലറ്റികോയുടെ വീര്യം ചോർന്നു. പിന്നാലെ ദ്യോഗോ യോട്ടയെ മരിയോ ഹെർമോസോ വീഴ്‌ത്തിയതിന്‌ ലഭിച്ച പെനൽറ്റി  ലക്ഷ്യത്തിലെത്തിച്ച്‌ സലാ ലിവർപൂളിന്‌ ജയം നൽകി. കളിയവസാനം അത്‌ലറ്റികോയ്‌ക്ക്‌ ഒപ്പമെത്താൻ അവസരമുണ്ടായി. മരിയ ജിമിനെസിനെ യോട്ട ഫൗൾ ചെയ്‌തതിന്‌ റഫറി ആദ്യം പെനൽറ്റി അനുവദിച്ചു. പക്ഷേ ‘വാർ’ തടഞ്ഞു. ബി ഗ്രൂപ്പിൽ മൂന്നും ജയിച്ച്‌ ഒമ്പത്‌ പോയിന്റോടെ ലിവർപൂളാണ്‌ ഒന്നാമത്‌. നാല്‌ പോയിന്റുമായി അത്‌ലറ്റികോ രണ്ടാമതുണ്ട്‌. എസി മിലാനെ ഒറ്റഗോളിന്‌ വീഴ്‌ത്തി എഫ്‌സി പോർട്ടോ മൂന്നാമതെത്തി. 9ൽ 11 ലിവർപൂളിനായി തുടർച്ചയായ ഒമ്പതാം കളിയിൽ ഗോളടിച്ച് മുഹമ്മദ് സലാ. അത്‌ലറ്റികോ മാഡ്രിഡിനെതിരായ ഇരട്ടഗോളോടെ അവസാന ഒമ്പത് മത്സരത്തിൽ 11 ഗോളായി  ഇരുപത്തൊമ്പതുകാരന്. ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരനുമായി സലാ. ആകെ 31 ഗോൾ. ഇതിഹാസതാരം സ്റ്റീവെൻ ജെറാർഡിനെ (30) മറികടന്നു. അനായാസം സിറ്റി ക്ലബ്‌ ബ്രുജിനെ തകർത്ത്‌ മാഞ്ചസ്റ്റർ സിറ്റി. 5–-1നാണ്‌ സിറ്റിയുടെ ജയം. റിയാദ്‌ മഹ്‌റെസ്‌ ഇരട്ടഗോൾ നേടി. യൊവോ കാൻസെലൊ, കൈൽ വാൾക്കർ, കൊൾ പാൽമെർ എന്നിവർ പട്ടിക തികച്ചു. ഹാൻസ്‌ വനകെനാണ്‌ ബ്രുജിന്റെ ആശ്വാസം കണ്ടെത്തിയത്‌. എതിർതട്ടകത്തിൽ എതിരാളിക്ക്‌ ഒരവസരവും നൽകാതെയാണ്‌ സിറ്റി മുന്നേറിയത്‌. Read on deshabhimani.com

Related News