ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ പ്രീക്വാർട്ടർ ; റയൽ പിടിക്കുമോ ലിവർപൂൾ

ലിവർപൂൾ മുന്നേറ്റക്കാരൻ മുഹമ്മദ് സലാ പരിശീലനത്തിനിടെ image credit UEFA Champions League twitter


മാഡ്രിഡ്‌ ആൻഫീൽഡിലെ അപമാനത്തിന്‌ മറുപടി നൽകാൻ ലിവർപൂൾ ഒരുങ്ങുന്നു. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ റയൽ മാഡ്രിഡുമായുള്ള രണ്ടാംപാദ പ്രീക്വാർട്ടറിന്‌ ഇന്ന്‌ കളമൊരുങ്ങും. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവാണ്‌ വേദി. ആദ്യപാദത്തിൽ ആൻഫീൽഡിൽ 2–-5ന്‌ തോറ്റതിന്റെ ക്ഷീണം ലിവർപൂളിന്‌ മാറിയിട്ടില്ല. 14 മിനിറ്റിൽ രണ്ട്‌ ഗോളിന്‌ മുന്നിലെത്തിയശേഷമായിരുന്നു വമ്പൻ വീഴ്‌ച. നാല്‌ ഗോളിനെങ്കിലും ജയിച്ചാൽമാത്രമാണ്‌ യുർഗൻ ക്ലോപ്പിനും കൂട്ടർക്കും ക്വാർട്ടർ സ്വപ്നം കാണാനാകൂ. നിലവിലെ ചാമ്പ്യൻമാരായ റയലിനാകാട്ടെ വമ്പൻ തോൽവി വഴങ്ങാതിരുന്നാൽ മുന്നേറാം. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ബോണിമൗത്തിനോട്‌ ഒറ്റ ഗോളിന്‌ തോറ്റ നിരാശയിലാണ്‌ ലിവർപൂൾ എത്തുന്നത്‌. റയലിനെതിരായ തോൽവിക്കുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏഴ്‌ ഗോളിന്‌ തകർത്ത്‌ തിരിച്ചുവരവിന്റെ സൂചനകൾ കാട്ടിയെങ്കിലും മികവ്‌ തുടരാനായില്ല. മുഹമ്മദ്‌ സലായും ഡാർവിൻ ന്യൂനെസും കോഡി ഗാക്‌പോയും ഉൾപ്പെട്ട മുന്നേറ്റനിരയ്‌ക്ക്‌ സ്ഥിരത കാട്ടാനാകാത്തതാണ്‌ പ്രശ്‌നം. മധ്യനിരയിൽ നല്ല ആസൂത്രകന്റെ അഭാവവും ഈ സീസണിൽ വലച്ചു. സ്‌പാനിഷ്‌ ലീഗിൽ ബാഴ്‌സയ്‌ക്കുപിന്നിലുള്ള റയൽ കിരീടം നിലനിർത്താനുള്ള തയ്യാറെടുപ്പിലാണ്‌. ലിവർപൂളിനെതിരായ ഉജ്വലജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. കഴിഞ്ഞ സീസണിലും ഗോൾവഴങ്ങി തിരിച്ചടിച്ചാണ്‌ കിരീടത്തിലേക്ക്‌ കുതിച്ചത്‌. പരിക്കിന്റെ പിടിയിലുള്ള കരിം ബെൻസെമയിലാണ്‌ റയലിന്റെ ആശങ്ക. ഇത്തവണ 14 കളിയാണ്‌ ഫ്രഞ്ചുകാരന്‌ നഷ്ടമായത്‌. മുന്നേറ്റക്കാരന്റെ അഭാവം റയലിനെയും ബാധിച്ചു. മറ്റൊരു മത്സരത്തിൽ നാപോളി ഐൻട്രാക്‌ട്‌ ഫ്രാങ്ക്‌ഫുർട്ടിനെ നേരിടും. ആദ്യപാദത്തിൽ നാപോളി രണ്ട്‌ ഗോളിന്‌ ജയിച്ചിരുന്നു. Read on deshabhimani.com

Related News