മനംനിറച്ച് ബ്രസീൽ, പോർച്ചുഗൽ

image credit FIFA WORLD CUP twitter


ദോഹ> ഇതാ ബ്രസീൽ. പ്രതിരോധപൂട്ടിൽ ആദ്യമൊന്ന്‌ പിടഞ്ഞെങ്കിലും സെർബിയയെ രണ്ട്‌ ഗോളിന്‌ വീഴ്‌ത്തി ബ്രസീൽ ഖത്തർ ലോകകപ്പിൽ വരവറിയിച്ചു. റിച്ചാർലിസണിന്റെ വകയായിരുന്നു ഗോളുകൾ.  ജയത്തിനിടയിലും സൂപ്പർതാരം നെയ്‌മറിന്റെ പരിക്ക്‌ ആറാം കിരീടം തേടുന്ന ബ്രസീലിന്‌ ആശങ്കയായി. ഗ്രൂപ്പ്‌ ജിയിൽ മൂന്ന്‌ പോയിന്റുമായി ഒന്നാമതെത്തി. തിങ്കളാഴ്‌ച സ്വിറ്റ്‌സർലൻഡുമായാണ്‌ അടുത്ത കളി. ആവേശപ്പോരാട്ടത്തിൽ പോർച്ചുഗൽ ഘാനയെ 3–2ന് മറികടന്നു. അവസാനംവരെ ഗോൾമണംനിറഞ്ഞ കളിയിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനൽറ്റിയിലാണ് കളം ഉണർന്നത്. പിന്നെ തുടരെ ഗോളുകൾ. അടിയും തിരിച്ചടിയുമായി മുന്നോട്ട്. റൊണാൾഡോയ്ക്ക് ആന്ദ്രേ അയ്യൂവിലൂടെയായിരുന്നു ഘാനയുടെ മറുപടി. അതിന്റെ ആഘോഷം അവസാനിക്കുംമുമ്പ് ജോയോ ഫെലിക്സും റാഫേൽ ലിയോയും ഘാന ഗോൾവല തകർത്തു. ഘാന വിട്ടുകൊടുത്തില്ല. ഒസ്മാൻ ബുകാരിയിലൂടെ ഒരെണ്ണംകൂടി തിരിച്ചടിച്ചു. അവസാനംവരെ സമനിലയ്ക്ക് പൊരുതിയെങ്കിലും പോർച്ചുഗൽ പ്രതിരോധം പിടിച്ചുനിന്നു. അഞ്ച്‌ ലോകകപ്പിലും ഗോളടിക്കുന്ന ആദ്യ താരമെന്ന റെക്കോഡും റൊണാൾഡോയുടെ പേരിലായി. ഗ്രൂപ്പ്‌ എച്ചിൽ മൂന്നു പോയിന്റുമായി പോർച്ചുഗൽ ഒന്നാമതെത്തി.  മറ്റൊരു മത്സരത്തിൽ ഉറുഗ്വേയും ദക്ഷിണ കൊറിയയും ഗോളടിക്കാതെ പിരിഞ്ഞു. കൊറിയയുടെ ബൂട്ടിൽ ജപ്പാനും സൗദിയും നിറച്ച ഊർജമുണ്ടായിരുന്നു. എന്നാലത്‌ ഗോളിലേക്കുള്ള വെടിച്ചില്ലാക്കാൻ സാധിച്ചില്ല. ലാറ്റിനമേരിക്കൻ പ്രതിനിധികളായ ഉറുഗ്വേ അവസാന നിമിഷംവരെ പൊരുതിനോക്കി. പക്ഷേ, കൊറിയൻ കവാടം തുറന്നില്ല. ഇരുടീമുകൾക്കും ഓരോ പോയിന്റായി.  ഗ്രൂപ്പ്‌ ജിയിൽ സ്വിറ്റ്‌സർലൻഡ്‌ ഒരു ഗോളിന്‌ കാമറൂണിനെ പരാജയപ്പെടുത്തി.  എട്ട്‌ ഗ്രൂപ്പിലായുള്ള 32 ടീമുകളും ആദ്യമത്സരം പൂർത്തിയാക്കി. Read on deshabhimani.com

Related News