ബൽജിയം ആശ്വസിച്ചു ; ക്യനഡയെ മറികടന്നത് 
 ഒറ്റഗോളിന്

image credit FIFA WORLD CUP twitter


  ദോഹ ബൽജിയത്തിന്റെ സുവർണതലമുറയെ ക്യാനഡ വിറപ്പിച്ചു. 36 വർഷത്തിനുശേഷം ലോകകപ്പിൽ പന്ത്‌ തട്ടാനെത്തിയ ക്യാനഡ ഒരു ഗോളിന്‌ തോറ്റെങ്കിലും ബൽജിയത്തെ വിരട്ടാൻ അവർക്ക്‌ കഴിഞ്ഞു.പഴയ വേഗമുണ്ടായില്ല റോബർട്ടോ മാർട്ടിനെസിന്റെ ബൽജിയത്തിന്‌. ലോക റാങ്കിങ്‌ പട്ടികയിലെ രണ്ടാംസ്ഥാനമൊന്നും കളത്തിൽ മികവായില്ല. ഗ്രൂപ്പ്‌ എഫിലെ മത്സരത്തിൽ ക്യാനഡയ്‌ക്കുതന്നെയായിരുന്നു മുൻതുക്കം. അൽഫോൺസോ ഡേവിസിന്റെ പെനൽറ്റി പാഴായതാണ്‌ ക്യാനഡയ്‌ക്ക്‌ തിരിച്ചടിയായത്‌. ഡേവിസിനെ ബൽജിയം ഗോൾ കീപ്പർ തിബൗ കുർടോ തടഞ്ഞു. ഫിനിഷിങ്ങിലെ പോരായ്‌മയും ക്യാനഡയ്‌ക്ക്‌ വിനയായി.  മിച്ചി ബാറ്റ്‌ഷുവായി ആണ്‌ ബൽജിയത്തിനായി വിജയഗോൾ നേടിയത്‌. കളിയിലെ കേമനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം താൻ ഇത്‌ അർഹിക്കുന്നില്ലെന്നായിരുന്നു ബൽജിയത്തിന്റെ മധ്യനിരക്കാരൻ കെവിൻ ഡി ബ്രയ്‌ൻ പറഞ്ഞത്‌. പരിക്കേറ്റ റൊമേലു ലുക്കാക്കുവിന്റെ അഭാവം ബൽജിയത്തിന്റെ മുന്നേറ്റനിരയെ തളർത്തി. നിരന്തരം ബൽജിയം ഗോൾമുഖം വിറപ്പിച്ച ക്യാനഡ പത്താംമിനിറ്റിൽത്തന്നെ മുന്നിലെത്തേണ്ടതായിരുന്നു. ഡേവിസിന്റെ പെനൽറ്റി കുർടോ തട്ടിയകറ്റി. ജോൺ ഹെർഡ്‌മാൻ എന്ന യുവ ഇംഗ്ലീഷ്‌ പരിശീലകനുകീഴിൽ മികച്ച പ്രകടനമാണ്‌ ക്യാനഡ യോഗ്യതാറൗണ്ടിൽ നടത്തിയത്‌. കോൺകാകാഫിൽ മെക്‌സിക്കോയെയും അമേരിക്കയെയും പിന്തള്ളി ഒന്നാമതായാണ്‌ ഖത്തറിലെത്തിയത്‌. Read on deshabhimani.com

Related News