ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌: അരീന സബലെങ്കയ്ക്ക് കിരീടം

twitter.com/AustralianOpen


മെൽബൺ> ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌ വനിതാ സിംഗിൾസ്‌ കിരീടം ബെലാറസിന്റെ അരീന സബലെങ്ക സ്വന്തമാക്കി. രണ്ടരമണിക്കൂർ നീണ്ട ആവേശകരമായ ഫൈനലിൽ കസാഖ്‌സ്ഥാന്റെ എലെന റിബാകിനയെ തോൽപ്പിച്ചു. ആദ്യ സെറ്റ്‌ നഷ്‌ടപ്പെടുത്തിയശേഷമാണ്‌ ഇരുപത്തിനാലുകാരിയുടെ തിരിച്ചുവരവ്‌. സ്‌കോർ: 4–-6, 6–-3, 6–-4. സബലെങ്കയുടെ ആദ്യ ഗ്രാൻഡ്‌ സ്ലാം കിരീടമാണിത്‌. വിംബിൾഡൺ ചാമ്പ്യനായ റിബാകിന ആദ്യ സെറ്റ്‌ നേടി കളിയിൽ പിടിമുറുക്കിയതാണ്‌. എന്നാൽ, പിഴവുകൾ തിരുത്തി തിരിച്ചുവരുന്ന സബലെങ്കയായിരുന്നു രണ്ടാംസെറ്റിൽ. നിർണായകമായ മൂന്നാംസെറ്റ്‌ ആയപ്പോഴേക്കും ആത്മവിശ്വാസം വീണ്ടെടുത്തു. ബേസ്‌ലൈനിൽ കരുത്തുറ്റ ഷോട്ടുകൾ പായിച്ചാണ്‌ രണ്ടാംറാങ്കുകാരി വിജയത്തിലേക്ക്‌ കുതിച്ചത്‌. പിടികൊടുക്കാതെ മൂന്നുതവണ റിബാകിന മാച്ച്‌പോയിന്റ്‌ അതിജീവിച്ചെങ്കിലും 57 മിനിറ്റിൽ സബലെങ്ക സെറ്റും കളിയും സ്വന്തമാക്കി.  ഏഴുതവണ ഇരട്ടപ്പിഴവ്‌ വരുത്തിയെങ്കിലും 17 എയ്‌സുകൾ ഉതിർത്താണ്‌ പരിഹാരം കണ്ടത്‌. ടൂർണമെന്റിലാകെ 54 എയ്‌സുകൾ പായിച്ചു. ഈവർഷം തുടർച്ചയായി 11 കളി ജയിച്ചു. ആകെ ഒരു സെറ്റ്‌ നഷ്‌ടമായത്‌ ഫൈനലിൽ. രണ്ടുതവണ ഗ്രാൻഡ്‌ സ്ലാം ഡബിൾസ്‌ കിരീടം നേടിയിട്ടുണ്ട്‌. 2021ൽ ഓസ്‌ട്രേലിയൻ ഓപ്പണും 2019ൽ യുഎസ്‌ ഓപ്പണും. പുരുഷ ഡബിൾസിൽ നാട്ടുകാരായ കുബ്ലർ–റിങ്കി സഖ്യം ജേതാക്കളായി. Read on deshabhimani.com

Related News