നില തെറ്റാതെ ; ഹൈദരാബാദ്‌ എഫ്‌സിയെ എടികെ മോഹൻ ബഗാൻ തളച്ചു

image credit isl twitter


ഹൈദരാബാദ്‌ പ്രതിരോധപ്പോര്‌ ഗോളില്ലാക്കളിയായി. ഐഎസ്‌എൽ ഫുട്‌ബോൾ ആദ്യപാദ സെമിയിൽ ചാമ്പ്യൻമാരായ ഹൈദരാബാദ്‌ എഫ്‌സിയെ എടികെ മോഹൻ ബഗാൻ തളച്ചു. ഇരുടീമുകളുടെയും ഉറച്ച പ്രതിരോധമാണ്‌ ഗോളകറ്റിയത്‌. പലതവണ ഗോൾമുഖത്ത്‌ ഇരമ്പിയെത്തിയെങ്കിലും ആരും വിട്ടുകൊടുത്തില്ല. എതിർത്തട്ടകത്തിൽ ചാമ്പ്യൻമാരെ കുരുക്കിയതിൽ എടികെ ബഗാന്‌ ആശ്വസിക്കാം. ഹൈദരാബാദിനായിരുന്നു തുടക്കം നിയന്ത്രണം. സൂപ്പർതാരം ബർത്തലോമേവ്‌ ഒഗ്‌ബച്ചെ ബെഞ്ചിലായിരുന്നിട്ടും അവരുടെ മുന്നേറ്റനിരയ്‌ക്ക്‌ ക്ഷീണമുണ്ടായില്ല. പന്തിൽ ആധിപത്യം പുലർത്തിയുള്ള കളിയിൽ പക്ഷേ, ലക്ഷ്യം കാണാൻ സാധിച്ചില്ല. ജോയൽ ചിയാനെസെയുടെ ശ്രമം എടികെ ബഗാൻ ഗോൾകീപ്പർ വിശാൽ ഖെയ്‌ത്‌ രക്ഷപ്പെടുത്തി. പ്രതിരോധത്തിൽ ശ്രദ്ധിച്ച്‌ പ്രത്യാക്രമണം നടത്തുക എന്നതായിരുന്നു കൊൽക്കത്തക്കാരുടെ നയം. പ്രീതം കോട്ടാലിന്‌ സുവർണാവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. പന്ത്‌ ക്രോസ്‌ബാറിൽ തട്ടി മടങ്ങി. ലിസ്റ്റൺ കൊളാസോയ്‌ക്കും മൻവീർ സിങ്ങിനുമൊന്നും കാര്യമായ ഭീഷണി ഉയർത്താനായില്ല. ഇടവേള കഴിഞ്ഞും ഇരുടീമുകളും ഗോളിനായി പരിശ്രമിച്ചെങ്കിലും ഒന്നും പൂർണതയിൽ എത്തിയില്ല. ഹൈദരാബാദിനായി മുഹമ്മദ്‌ യാസിറിന്റെ ഷോട്ട്‌ പോസ്റ്റിൽ തട്ടി മടങ്ങി. ഒഗ്‌ബച്ചെ എത്തിയിട്ടും കാര്യമുണ്ടായില്ല. എടികെ ബഗാനിൽ മൻവീറും ദിമിത്രി പെട്രാറ്റോസിനും അവസരമുണ്ടായി. തിങ്കളാഴ്‌ച കൊൽക്കത്തയിലാണ്‌ രണ്ടാംപാദ സെമി. Read on deshabhimani.com

Related News