പോളിഷ്‌ പരീക്ഷ ; അർജന്റീനയ്ക്ക്‌ ജീവൻമരണപ്പോരാട്ടം

image credit lionel messi twitter


ദോഹ ‘ഇതൊരു ഫൈനലാണ്‌. ചെറിയ തെറ്റുപോലും സംഭവിക്കരുത്‌’–- ലയണൽ മെസിക്ക്‌ കാര്യങ്ങൾ വ്യക്തമായറിയാം. തോറ്റാൽ നാട്ടിലേക്ക്‌ മടങ്ങാം. ഐതിഹാസികമായ കളിജീവിതത്തിൽ ലോകകപ്പ്‌ എന്നും മെസിക്ക്‌ ഒരു സ്വപ്നമായി അവേശേഷിക്കും. സമനിലപോലും അപകടത്തിലാക്കും. ജയം, അതുമാത്രമാണ്‌ വഴി. റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയുടെ പോളണ്ടുമായാണ്‌ അഗ്നിപരീക്ഷ. സി ഗ്രൂപ്പിൽ മൂന്ന്‌ പോയിന്റുമായി രണ്ടാമതാണ്‌ അർജന്റീന. പോളണ്ട്‌ (4) ഒന്നാമത്‌. സൗദി അറേബ്യയും (3) മെക്‌സിക്കോയുമാണ്‌ (1) മൂന്നും നാലും. പോളണ്ടിനെ വീഴ്‌ത്തിയാൽ അർജന്റീന ആറ്‌ പോയിന്റുമായി പ്രീക്വാർട്ടർ ഉറപ്പിക്കും. സമനിലയായാൽ പോളണ്ട്‌ മുന്നേറും. അർജന്റീനയ്‌ക്ക്‌ സൗദി–-മെക്‌സിക്കോ മത്സരഫലം കനിയണം. സൗദി ജയിക്കരുത്‌. സമനിലയായാൽ ഗോൾവ്യത്യാസത്തിൽ അർജന്റീന മുന്നേറും. മെക്‌സിക്കോ ജയിച്ചാലും മെസിക്കും കൂട്ടർക്കും ആശ്വസിക്കാം. സൗദിക്കെതിരായ വീഴ്‌ച്ചയ്‌ക്കുശേഷം മെക്‌സിക്കോയെ നേരിട്ട അർജന്റീനയ്‌ക്ക്‌ ക്യാപ്‌റ്റൻ മെസിയാണ്‌ ജീവവായു നൽകിയത്‌. അലസമായി കളിച്ച ടീമിന് ഉഗ്രൻ ഗോളിലൂടെ മെസി ഊർജമേകി. യുവതാരം എൺസോ ഫെർണാണ്ടസും ലക്ഷ്യംകണ്ടു. പ്രതിരോധ–-പ്രത്യാക്രമണ ഫുട്‌ബോൾ കാഴ്‌ച്ചവയ്‌ക്കുന്ന പോളണ്ടിനെതിരെ നിലവിലെ പ്രകടനം മതിയാകില്ല അർജന്റീനയ്ക്ക്‌. മധ്യനിരയ്ക്ക്‌ നിയന്ത്രണം തിരിച്ചുപിടിക്കേണ്ടതുണ്ട്‌. ഇരുമൂലകളിലും കൂടുതൽ വേഗത്തിലുള്ള മുന്നേറ്റവും പിറക്കണം. ആദ്യ പതിനൊന്നിനെപ്പറ്റിയും പരിശീലകൻ ലയണൽ സ്‌കലോണിക്ക്‌ ആശങ്കയുണ്ട്‌. രണ്ട്‌ കളിയിലും വ്യത്യസ്ത ടീമിനെയാണ്‌ അർജന്റീന പരീക്ഷിച്ചത്‌. മുതിർന്നതാരം എയ്‌ഞ്ചൽ ഡി മരിയയും മങ്ങലിലാണ്‌. മെസിയെ പൂട്ടി കളിപിടിക്കുക എന്നതാകും പോളിഷ്‌ തന്ത്രം. സമനിലമതി മുന്നേറാൻ എന്നതുകൊണ്ടുതന്നെ പ്രതിരോധം കടുപ്പിച്ചാകും യൂറോപ്യൻ നിര എത്തുക. പോളണ്ടിനോട്‌ അവസാനകളിയിൽ കീഴടങ്ങിയ സൗദി പ്രീക്വാർട്ടർ കൊതിച്ചാണ്‌ മെക്‌സിക്കോയെ നേരിടുന്നത്‌. Read on deshabhimani.com

Related News