വഴികളെല്ലാം മെസി

image credit FIFA WORLD CUP twitter


തിരയും തിരക്കഥയും ഇല്ലായിരുന്നു. ലയണൽ മെസിയുടെ ഒറ്റനിമിഷത്തെ മാജിക്. മാറഡോണയുടെ ഓർമനാളിന്റെ പിറ്റേന്ന് രാത്രി അർജന്റീനയ്ക്ക് ഉയിർക്കാൻ അത് മതിയായിരുന്നു. പക്ഷേ, ലോകകപ്പ് അതിന്റെ കൂട്ടപ്പൊരിച്ചിലിലേക്ക് എടുത്തെറിയപ്പെടുമ്പോൾ ഒരാളിന്റെ നൈമിഷിക ഇന്ദ്രജാലം പോരാതെവരും. മുന്നേറാനുള്ള ഊർജം ഇനിയും നിറഞ്ഞിട്ടില്ല ടീമിൽ. 30ന്‌ പോളണ്ടിനെതിരായ മത്സരവും അർജന്റീനയ്ക്ക്‌ ഫൈനൽ പോലെതന്നെയാണ്‌. മെക്‌സിക്കോയുമായുള്ള കളിക്കുശേഷം കമന്റേറ്റർ ഇങ്ങനെ പറഞ്ഞ് അവസാനിപ്പിച്ചു, ‘മെസിയും ഫെർണാണ്ടസും അർജന്റീനയെ അപമാനത്തിൽനിന്നും പുറത്താകലിൽനിന്നും രക്ഷിച്ചു'. ആ ഒറ്റ വാചകത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്. മെസിയിൽ കേന്ദ്രീകരിക്കാത്ത കളിയെക്കുറിച്ച്‌ കോച്ച്‌ ലയണൽ സ്‌കലോണി പറയാറുണ്ട്‌. പക്ഷേ, അദ്ദേഹം സമ്മതിച്ചാലും ഇല്ലെങ്കിലും മെക്‌സിക്കോക്കെതിരെ മെസിയായിരുന്നു കേന്ദ്രം. ആ ബൂട്ടിൽനിന്നാണ്‌ പാസുകൾ പിറന്നത്‌, ഗോളിലേക്ക്‌ വഴിയൊരുങ്ങിയത്‌, വിജയഗോളുണ്ടായത്‌. കൂട്ടുകാർക്ക്‌ മെസി കൈമാറിയത്‌ 36 പാസുകളായിരുന്നു. 64 തവണ പന്തിൽ തൊട്ടു. പാസിലെ കൃത്യത 88 ശതമാനം സൗദി അറേബ്യയോടെന്നപോലെ മധ്യനിര കെട്ടുപോയതാണ്‌ അർജന്റീനയുടെ കളി തുടക്കത്തിൽ വിരസമാക്കിയത്‌. റോഡ്രിഗോ ഡി പോളും ഗീദോ റോഡ്രിഗസും മുന്നേറ്റനിരയുമായി ഒരു ഘട്ടത്തിൽപ്പോലും കണ്ണിചേർന്നില്ല. മാക്‌ അല്ലിസ്‌റ്റർക്കും ഭാവനാശേഷിയുണ്ടായില്ല. മുന്നേറ്റത്തിൽ മെസി പലപ്പോഴും ഒറ്റപ്പെട്ടുനിന്നു. എയ്‌ഞ്ചൽ ഡി മരിയ അധ്വാനിച്ചുവെങ്കിലും കാര്യമുണ്ടായില്ല. ഉന്നംതെറ്റിയ ഒരു ഹെഡർമാത്രമായിരുന്നു ലൗതാരോ മാർട്ടിനെസിന്റെ കളിയിലെ സാന്നിധ്യം. സൗദിക്കെതിരെ കളിച്ച പ്രതിരോധത്തിൽ നിക്കോളാസ്‌ ഒട്ടമെൻഡിയെമാത്രം നിലനിർത്തിയാണ്‌ സ്‌കലോണി ടീമിനെ ഇറക്കിയത്‌. ബാക്കി മൂന്നുപേരെയും മാറ്റി. മെക്‌സിക്കോയുടെ ചടുലവേഗത്തെ തടഞ്ഞത്‌ പ്രതിരോധമായിരുന്നു. ഗൊൺസാലോ മോണ്ടിയൽ, മാർകസ്‌ അക്യൂന, ഒട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്‌ എന്നിവർ ഉൾപ്പെട്ട പ്രതിരോധം മെക്‌സിക്കോയുടെ മുന്നേറ്റത്തെ തളച്ചു. ഭാവനയില്ലാതെ പന്തുതട്ടിയ മധ്യനിരയെ ഉണർത്താൻ സ്‌കലോണി നടത്തിയ മാറ്റങ്ങളാണ്‌ കളിയിൽ നിർണായകമായത്‌. അതിൽ പ്രധാനം ഗോൾ നേടിയ എൺസോ ഫെർണാണ്ടസിന്റെ വരവായിരുന്നു. അർജന്റീനയുടെ കളിക്ക്‌ വേഗവും ഊർജസ്വലതയും കൈവന്നത്‌ അപ്പോഴാണ്‌. മോണ്ടിയലിനുപകരം മൊളീനയും മാർട്ടിനെസിനുപകരം ജൂലിയൻ അൽവാരസുമെത്തിയതും ഗുണകരമായി. വിജയമൊരുക്കിയ രണ്ട്‌ ഗോളിലും പ്രതിഭയുടെ മിന്നലാട്ടം കാണാം. ഡി മരിയയുടെ പന്ത്‌ സ്വീകരിച്ച്‌ മെസി ഗോളിലേക്ക്‌ ചാലുകീറിയത്‌ നാല്‌ പ്രതിരോധക്കാർക്കിടയിലൂടെയായിരുന്നു. പറക്കും ഗോൾകീപ്പർ ഒചാവോയെയും കബളിപ്പിക്കാൻ ആ നിലംപറ്റിയുള്ള ഷോട്ടിന്‌ സാധിച്ചു. കോർണർകിക്കിൽനിന്നായിരുന്നു രണ്ടാമത്തെ ഗോളിന്റെ വരവ്‌. ഡി പോളിന്റെ കുറിയ കോർണർ മെസിക്ക്‌. മെസി കൈമാറിയ പന്ത്‌ ഫെർണാണ്ടസ്‌ ഗോളിലേക്ക്‌ പറത്തിയത്‌ മിസൈലുപോലെയാണ്‌. മെസിക്ക്‌ എട്ട്‌ ലോകകപ്പ്‌ ഗോളായി. അഞ്ച്‌ ലോകകപ്പിൽ 21 കളി. ഇതോടെ ഗോളടിയിൽ മാറഡോണക്ക്‌ ഒപ്പമെത്തി. വിജയം അർജന്റീനയ്ക്കുപകരുന്ന ആത്മവിശ്വാസവും ആശ്വാസവും ചെറുതല്ല.   Read on deshabhimani.com

Related News