ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ : കാമറൂൺ കടന്നു



യോണ്ടെ കളത്തിനു പുറത്ത്‌ ചോരവീണ രാവിൽ കാമറൂൺ ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫുട്‌ബോൾ ക്വാർട്ടറിൽ. സ്‌റ്റേഡിയത്തിന്‌ അകത്തേക്ക്‌ തള്ളിക്കയറാൻ ആരാധകർ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ എട്ടു ജീവൻ പൊലിഞ്ഞു. കൊമൊറോസിനെ 2–-1നാണ്‌ കാമറൂൺ തോൽപ്പിച്ചത്‌. ഏഴാംമിനിറ്റിൽ 10 പേരായി ചുരുങ്ങിയ കൊമൊറോസ്‌ ഉജ്വലമായി പോരാടിയാണ്‌ കീഴടങ്ങിയത്‌. കോവിഡ്‌ പ്രതിസന്ധി കാരണം ഗോൾകീപ്പർ ഉൾപ്പെടെ പ്രമുഖ താരങ്ങൾ ഇല്ലാതെയാണ്‌ അവർ കളിച്ചത്‌. പ്രതിരോധക്കാരൻ ചാകെർ അൽഹാദൂറാണ്‌ കൊമൊറൂസിന്റെ ഗോൾവല കാത്തത്‌. കാൾ ടൊകോ എകാംബിയും വിൻസെന്റ്‌ അബൂബക്കറുമാണ്‌ കാമറൂണിനായി ലക്ഷ്യംകണ്ടത്‌. യൂസഫ്‌ എംചാഗ്‌മ കൊമൊറൂസിനായി ഒന്നുമടക്കി. ക്വാർട്ടറിൽ ഗാംബിയയാണ്‌ കാമറൂണിന്റെ എതിരാളി. ഗിനിയെ ഒരു ഗോളിന്‌ തോൽപ്പിച്ചാണ്‌ കന്നി നേഷൻസ്‌ കപ്പിൽത്തന്നെ ഗാംബിയ അവസാന എട്ടിലിടം നേടിയത്‌. സ്വന്തം തട്ടകത്തിൽ മികവാവർത്തിച്ചു കാമറൂൺ. ഏഴാംമിനിറ്റിൽ എതിർതാരം നജീം അബ്‌ദു ചുവപ്പുകാർഡ്‌ കണ്ട്‌ മടങ്ങിയത്‌ ആനുകൂല്യമായി. 29–-ാംമിനിറ്റിലായിരുന്നു എകാംബിയുടെ ഗോൾ. രണ്ടാംപകുതിയിൽ അബൂബക്കർ ലീഡുയർത്തി. ടൂർണമെന്റിൽ ആറ്‌ ഗോളായി ഈ കാമറൂൺ മുന്നേറ്റക്കാരന്‌. ഇന്ന്‌ ശക്തരുടെ പോരാട്ടത്തിൽ ഈജിപ്‌തും ഐവറികോസ്റ്റും ഏറ്റുമുട്ടും. മലാവിയും ഇക്വടോറിയിൽ ഗിനിയും തമ്മിലാണ്‌ മറ്റൊരു മത്സരം. Read on deshabhimani.com

Related News