വനിതാ എഎഫ്സി ഏഷ്യൻ കപ്പിന് ഇന്ന് തുടക്കം ; പ്രതീക്ഷയോടെ ഇന്ത്യൻ വനിതകൾ

എഎഫ്സി കപ്പിൽ ഇറാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങൾ പരിശീലനത്തിൽ image credit WAC2022 twitter


മുംബൈ ലോകകപ്പ്‌ സ്വപ്നവുമായി ഇന്ത്യൻ വനിതകൾ. എഎഫ്‌സി ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിൽ ഇന്ന്‌ ഇറാനെ നേരിടും. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്‌ക്കാണ്‌ പോരാട്ടം. പകൽ 3.30ന്‌ ചൈന–-ചൈനീസ്‌ തായ്‌പേയ്‌ മത്സരത്തോടെയാണ്‌ 20–-ാം ഏഷ്യൻ കപ്പിന്‌ തുടക്കമാകുന്നത്‌. യൂറോ സ്‌പോർട്ടിലും ജിയോ ടിവിയിലും കാണാം. ജപ്പാനാണ്‌ നിലവിലെ ജേതാക്കൾ. ആകെ 12 ടീമുകളാണ്‌. മൂന്ന്‌ ഗ്രൂപ്പുകൾ. ഗ്രൂപ്പിലെ ആദ്യ രണ്ട്‌ സ്ഥാനക്കാരും മികച്ച രണ്ട്‌ മൂന്നാംസ്ഥാനക്കാരും ക്വാർട്ടർ ഫൈനലിലേക്ക്‌ മുന്നേറും. സെമിയിൽ എത്തിയാൽ അടുത്തവർഷം അരങ്ങേറുന്ന ലോകകപ്പിന്‌ യോഗ്യത നേടാം. ഈ സ്വപ്നവുമായാണ്‌ ഇന്ത്യ എത്തുന്നത്‌. മഹാരാഷ്‌ട്രയിലെ മൂന്ന്‌ വേദികളിലാണ്‌ മത്സരങ്ങൾ. ഫൈനൽ ഫെബ്രുവരി ആറിന്‌. കഴിഞ്ഞ അഞ്ച്‌ പതിപ്പിലും യോഗ്യതയുണ്ടായിരുന്നില്ല ഇന്ത്യക്ക്‌. അവസാനമായി കളിച്ചത്‌ 2003ലാണ്‌. ഇത്തവണ ആതിഥേയരെന്ന ആനുകൂല്യത്തിൽ ടിക്കറ്റ്‌ കിട്ടി. ഒരു വർഷത്തോളമായി ഏഷ്യൻ കപ്പിനുള്ള ഒരുക്കത്തിലാണ്‌ നീലപ്പട. യുഎഇ, ബഹ്‌റൈൻ, സ്വീഡൻ, ബ്രസീൽ എന്നിവിടങ്ങളിൽ കളിച്ചു. ബ്രസീൽ ടീമിനെതിരെയും പന്തുതട്ടി. യുവരക്തത്തിലാണ്‌ പ്രതീക്ഷ. ടീമിന്റെ ശരാശരി പ്രായം 23 ആണ്‌. ആശാലതാ ദേവിയാണ്‌ ക്യാപ്‌റ്റൻ. സ്വീഡന്റെ തോമസ്‌ ഡെന്നർബിയാണ്‌ കോച്ച്‌. 2011 ലോകകപ്പിൽ സ്വീഡൻ വനിതകളെ മൂന്നാംസ്ഥാനത്തെത്തിച്ചിട്ടുണ്ട്‌ ഈ അറുപത്തിരണ്ടുകാരൻ. മലയാളിയായ പി വി പ്രിയയാണ്‌ സഹപരിശീലക. ഇറാനെതിരെ ഇന്ത്യക്കാണ്‌ സാധ്യത. ലോകറാങ്കിങ്ങിൽ 55–-ാംസ്ഥാനത്താണ്‌ ഇന്ത്യ. ഇറാൻ ഏഴുപതാമതും. ഇറാന്റെ ആദ്യ ഏഷ്യാ കപ്പാണിത്‌. തുടർച്ചയായ മൂന്നാം കിരീടം തേടുന്ന ജപ്പാനാണ്‌ ടൂർണമെന്റിലെ കരുത്തർ. ഓസ്‌ട്രേലിയ, ചൈന ടീമുകളാണ്‌ കിരീടപ്പോരിൽ ജപ്പാന്‌ വെല്ലുവിളി. Read on deshabhimani.com

Related News