ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ നിലയം യുഎഇ വികസിപ്പിക്കുന്നു



അബുദാബി > യു‌എഇയിലെ പ്രമുഖ ഊർജ വിതരണ ശൃംഖലയായ എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി (EWEC) ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്‍റ് ഒരുക്കുന്നു. അബുദാബി നഗരത്തിൽ നിന്നും 35 കിലോമീറ്റർ അകലെയാണ്  അൽ ദാഫ്ര സോളാർ PV പ്ലാന്റ് ഒരുങ്ങുന്നത്. അബുദാബി നാഷണൽ എനർജി കമ്പനി, TAQA, മസ്ദാർ എന്നിവരുടെ നേതൃത്വത്തിലുള്ള, ഫ്രഞ്ച് ഇലക്ട്രിക് യൂട്ടിലിറ്റി കമ്പനി, EDF, ജിങ്കോപവർ എന്നിവര്‍ പങ്കാളികളായ ഒരു കൺസോർഷ്യമാണ് പവർ പ്ലാൻറ് പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. അബുദാബി നഗരത്തിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയാണ് സൗരോർജ പ്ലാന്റ് ഒരുക്കുന്നത്. പദ്ധതിയുടെ പവർ പർച്ചേസ് കരാർ, PPA, ഓഹരി ഉടമകളുടെ കരാർ എന്നിവ EWEC യുമായി ഒപ്പുവെച്ചതായി EWEC പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. പ്രതിവർഷം 2.4 ദശലക്ഷം മെട്രിക് ടണ്ണിലധികം കാർബൺ ബഹിർഗമനം  ഈ പദ്ധതി വഴി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 470,000 കാറുകൾ റോഡിൽ നിന്ന് നീക്കംചെയ്യുന്നതിന് തുല്യമായ ഒന്നാണ് ഇത്. ദീർഘകാല ഊർജ്ജ വിതരണം സുരക്ഷിതമാക്കാനും നിലവിലുള്ളതും ഭാവിയിലെയും ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സൗരോർജ്ജത്തിന്റെ അവിഭാജ്യ പങ്ക് ശക്തിപ്പെടുത്തുവാനും ഇത്തരം പദ്ധതികൾ സഹായിക്കുമെന്ന് EWEC ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഒത്ത്മാൻ അൽ അലി പറഞ്ഞു. പ്ലാന്റ് പൂർണമായും പ്രവർത്തനമാരംഭിക്കുന്നതോടെ അബുദാബിയുടെ സൗരോർജ്ജ ശേഷി ഏകദേശം 3.2 ജിഗാവാട്ടായി ഉയർത്താനും, യുഎഇയിലുടനീളം ഏകദേശം 160,000 വീടുകൾക്ക് വൈദ്യുതി നൽകാനും കഴിയും. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ പ്രോജക്റ്റ് സോളാർ PV പ്ലാന്റായ TAQA യുടെ 1.2 ജിഗാവാട്ട് 'നൂർ അബുദാബി' സോളാർ പ്ലാന്റിനേക്കാൾ വലുതായിരിക്കും ഇത്. യുഎഇ ഊർജ്ജ വ്യവസായം ലോകോത്തര നിലവാരത്തിന് പേരുകേട്ടതാണ്, നിക്ഷേപകർക്ക് ആകർഷകമായ ഒരു പദ്ധതി കൂടിയാണ് ഇത്. സമാന്തര ഊർജസ്രോതസ്സുകളിൽ യു എ ഇ നടത്തുന്ന പരീക്ഷണങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്. 2022 ഓടെ പദ്ധതി  പൂർണമായും പ്രവർത്തന സജ്ജമാകും. യു എ ഇ യിലെ പ്രമുഖ ഊർജ വിതരണ ശൃംഖലയായ മസ്ദാർ സമാന്തര ഊർജസ്രോതസ്സുകളിൽ നൂതനമായ പരീക്ഷണങ്ങൾ ഉറപ്പാക്കുന്നതോടൊപ്പം മറ്റു രാജ്യങ്ങളുമായി ചേർന്ന് ഊർജ സ്രോതസ്സുകളെ ശക്തിപ്പെടുത്തുകയും ചെയ്‌തുകൊണ്ടിരിക്കുന്നുണ്ട്. Read on deshabhimani.com

Related News