സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍: സാമൂഹ്യ ബോധവല്‍ക്കരണം അനിവാര്യം- സി എസ് സുജാത



കുവൈറ്റ് സിറ്റി> സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കുറക്കുന്നതിന് സാമൂഹ്യ ബോധവല്‍ക്കരണം അനിവാര്യമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്രക്കമ്മിറ്റി അംഗം സി എസ് സുജാത. കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റും, വനിതാവേദി കുവൈറ്റും സംയുക്തമായി  സംഘടിപ്പിച്ച  'സ്ത്രീപക്ഷ കേരളം' എന്ന വെബിനാറില്‍  സംസാരിക്കുയായിരുന്നു  അവര്‍. കേരളത്തില്‍ നവോത്ഥാന നായകന്മാര്‍  സാമൂഹ്യപരിഷ്‌ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇല്ലാതാക്കിയ സ്ത്രീധനം പോലെയുള്ള  അനാചാരങ്ങള്‍ തിരികെ വന്നുകൊണ്ടിരിക്കുന്നു. ഇതിന് മാറ്റം വരുത്തുവാന്‍ സ്ത്രീ-പുരുഷ തുല്ല്യത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ കൂട്ടിചേര്‍ത്തു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സി കെ നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍ അധ്യക്ഷത  വഹിച്ചു. ചടങ്ങില്‍ വനിതാവേദി ആക്ടിങ് സെക്രട്ടറി  ആശാലത ബാലകൃഷ്ണന്‍ പ്രബന്ധം അവതരിപ്പിച്ചു. ദമാം നവോദയ ബാലവേദി രക്ഷാധികാരി രശ്മി  രാമചന്ദ്രന്‍,കൈരളി ഒമാന്‍ പ്രതിനിധി  അനുമോള്‍,പ്രവാസി ക്ഷേമനിധി ബേര്‍ഡ് ഡയറക്ടര്‍ എന്‍. അജിത് കുമാര്‍ എന്നിവര്‍ വെബിനാറില്‍ പങ്കെടുത്ത് സംസാരിച്ചു.  വനിതാവേദി കേന്ദ്ര കമ്മിറ്റി അംഗം സജിത സ്‌കറിയ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വനിതാവേദി പ്രസിഡണ്ട് രമ അജിത്  നന്ദി രേഖപ്പെടുത്തി.   Read on deshabhimani.com

Related News