വൈത്തരി റിസോർട്ട് ഉടമ വധം: പ്രതി 17 വർഷത്തിനുശേഷം സൗദിയിൽ പിടിയിൽ



മനാമ> വയനാട് വൈത്തിരിയിൽ വ്യവസായിയെ കൊന്ന കേസിൽ 17 വർഷമായി കേരള പൊലിസ് അന്വേഷിക്കുന്ന പ്രതി സൗദിയിൽ പിടിയിൽ. വൈത്തിരി തളിപ്പുഴ ജംഗിൾ പാർക്ക് ഉടമ ചേവായൂർ വൃന്ദാവൻ കോളനിയിൽ അബ്ദുൽ കരീമിനെ കൊലപ്പെടുത്തിയ കേസിൽമുഹമ്മദ് ഹനീഫിനെയാണ് സൗദി ഇന്റർപോൾ സഹകരണത്തോടെ സൗദി സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തത്. 2006ൽ വ്യവസായിയെ കൊന്ന് രക്ഷപ്പെട്ട പ്രതി പൊലിസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് പ്രതിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതിയെ കേരളത്തിലേക്ക് കൊണ്ടുപോകാൻ കേരള പൊലിസ് ഉദ്യോഗസ്ഥർ ഉടൻ സൗദിയിൽ എത്തും.   2006 ഫെബ്രുവരി 11നാണ് കേസിന് ആസ്പദമായ കൊലപാതകം നടന്നത്. വയനാട്ടിൽ അഭിഭാഷകനെ കണ്ട് തിരിച്ച് വരുമ്പോൾ താമരശ്ശേരി ചുരത്തിലെ പതിനൊന്നാം വളവിൽ റബ്ബർ എസ്‌റ്റേറ്റിന് സമീപം അബ്ദുൽ കരീം സഞ്ചരിച്ച കാർ പ്രതികൾ തടഞ്ഞ് മാരകായുധങ്ങൾ കൊണ്ട് അബ്ദുൽ കരീമിനെ മർദിച്ച് കൊലപ്പെടുത്തിയിരുന്നു. കരീമിന്റെ കാർ ഡ്രൈവറായിരുന്ന കോഴിക്കോട് സ്വദേശി ശിവനെയും മർദിച്ചു. ഇരുവരും കൊല്ലപ്പെട്ടെന്ന് കരുതിയാണ് കൊക്കയിലേക്ക് തള്ളിയതെങ്കിലും ഡ്രൈഡവർ ശിവൻ രക്ഷപ്പെട്ടത് കേസിന് നിർണായക തെളിവായി. ആഴ്ചകളോളം ചികിത്സയിലായിരുന്ന ശിവൻ ആരോഗ്യം വീണ്ടെടുത്തതോടെയാണ് കേസിന് തുമ്പായത്. 1.20 ലക്ഷം രൂപക്ക് ക്വട്ടേഷൻ ഏറ്റെടുത്ത സംഘത്തിൽ പ്രധാന പ്രതികളെല്ലാം പിന്നീട് അറസ്റ്റിലായിരുന്നു.   Read on deshabhimani.com

Related News