കുവൈറ്റിൽ 'വിസ ഇലക്ട്രോണിക് ആപ്പ്' വരുന്നു



കുവൈറ്റ് സിറ്റി> കുവൈറ്റിൽ  'കുവൈറ്റ്  വിസ ഇലക്ട്രോണിക്  ആപ്പ്' വരുന്നു. ഇതിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരികയാണെന്ന് ഒന്നാം  ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ   ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ സബാഹ് വ്യക്തമാക്കി. പുതിയ ആപ്പ് വഴി  രാജ്യത്തേക്ക് പുതുതായി വരുന്ന തൊഴിലാളികൾക്ക് വിമാനത്തിൽ കയറുന്നതിനും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും മുമ്പായി തന്നെ എൻട്രി വിസയുടെ സാധുത ഉറപ്പ് വരുത്താൻ സാധിക്കും. വ്യാജ വിസകളിൽ തൊഴിലാളികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതും എൻട്രി വിസകളിൽ കൃത്രിമം നടത്തുന്നത് തടയുവാനും ലക്ഷ്യമിട്ട് കൊണ്ടാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇതിനു പുറമെ രാജ്യത്ത് പ്രവേശന വിലക്കുള്ളവർ, പകർച്ച വ്യാധി  ബാധിച്ചവർ, പിടി കിട്ടാ പുള്ളികൾ മുതലായവർ രാജ്യത്ത് പ്രവേശിക്കുന്നത് തടയുവാനും പുതിയ സംവിധാനം വഴി സാധിക്കും. തൊഴിലാളിയുമായി ബന്ധപ്പെട്ട അടിസ്ഥാനപരവും ഔദ്യോഗികവുമായ വിവരങ്ങൾ എല്ലാം ഇതിൽ ലഭ്യമായിരിക്കും. ഇതിൽ തൊഴിലാളിയുടെ നിയമപരമായ നില, തൊഴിൽ അനുമതി രേഖയുമായി ബന്ധപ്പെട്ട വിവരങ്ങൾ, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിലാസം, തൊഴിലാളി സർക്കാർ കരാറിൽ ഉൾപ്പെട്ട ആൾ ആണോ എന്നത് ഉൾപ്പെടെയുള്ള മറ്റു മുഴുവൻ വിവരങ്ങളും ലഭ്യമായിരിക്കും. ആപ്പ് വഴി സ്വദേശി വീടുകളിൽ വിവിധ വിദഗ്ദ ജോലികൾക്കായി പോകുന്ന തൊഴിലാളികളുടെ പ്രസ്തുത ജോലിയുമായി ബന്ധപ്പെട്ട നൈപുണ്യം ഉൾപ്പെടെയുള്ള വിവരങ്ങൾ വീട്ടുടമക്ക് കാണാൻ സാധിക്കുകയും തൊഴിലിന്റെ പേരിലുള്ള  സാമ്പത്തിക തട്ടിപ്പുകളിൽ നിന്നു സ്വദേശികളെ   സംരക്ഷിക്കുവാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. Read on deshabhimani.com

Related News