ഇന്ത്യയില്‍ നിന്ന് വാക്സിന്‍ എടുത്തവര്‍ക്കും ബഹ്റൈനില്‍ ക്വാറന്റൈന്‍: എയര്‍ ഇന്ത്യാ എക്സ്പ്രസ്



മനാമ > ഇന്ത്യയില്‍ നിന്ന് വാക്സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ബഹ്റൈനില്‍ പത്തു ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍ ഉണ്ടെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്. സ്വന്തമായി താമസ കേന്ദ്രങ്ങള്‍ ഇല്ലാത്തവര്‍ സര്‍ക്കാര്‍ അംഗീകൃത ഹോട്ടല്‍ ക്വാറന്റൈന്‍ എടുക്കണം. ഇവര്‍ യാത്രയുടെ 72 മണിക്കൂറിനിടെ നടത്തിയ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും എയര്‍ലൈന്‍സ് പത്രകുറിപ്പില്‍ അറിയിച്ചു. ഇന്ത്യയെ കഴിഞ്ഞ മൂന്നു മുതല്‍ ബഹ്റൈന്‍ റെഡ്ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതേതുടര്‍ന്നാണ് പ്രവേശന നടപടികള്‍ പുതുക്കിയത്.ബഹ്റൈന്‍ പ്രവാസികള്‍ക്കും തൊഴില്‍, സന്ദര്‍ശക വിസ, ഇ-വിസ എന്നിവയില്‍ വരുന്നവര്‍ക്കും പ്രവേശനം ഉണ്ട്. ബഹ്റൈന്‍ ഉള്‍പ്പെടെ ജിസിസി രാജ്യങ്ങളില്‍ നിന്ന് വാക്സിന്‍ എടുത്ത് 14 ദിവസം പൂര്‍ത്തിയാക്കിയവരെ യാത്രക്കുമുന്‍പുള്ള പിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കി. അല്ലാത്തവരുടെ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ക്യൂആര്‍ കോഡ് ഉണ്ടായിരിക്കണം. എല്ലാ യാത്രക്കാര്‍ക്കും ബഹ്റൈനില്‍ എത്തിയാല്‍ സ്വന്തം ചെലവില്‍ മൂന്ന് പിസിആര്‍ പരിശോധനയുണ്ടാകും. വരുന്ന ദിവസവും അഞ്ച്, പത്ത് ദിവസങ്ങളിലുമാണ് പരിശോധന. ആറു വയസിനു താഴെയുള്ളവര്‍ക്ക് പിസിആര്‍ പരിശോധനവേണ്ട. 36 ദിനാര്‍ (ഏതാണ്ട് 6,972 രൂപ) ആണ് ഫീസ്. ഓണ്‍ലൈനായി ഫീസ് അടക്കാത്തവര്‍ വരുമ്പോള്‍ ഈ തുക എയര്‍പോര്‍ട്ടില്‍ അടക്കാനായി കയ്യില്‍ കരുതണം. എല്ലാ യാത്രക്കാരും ആരോഗ്യ സത്യവാങ്മൂലം നല്‍കണമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് ഓര്‍മിപ്പിച്ചു.   Read on deshabhimani.com

Related News