നിരന്തര ജാഗ്രതയും ഇടപെടലുമില്ലെങ്കില്‍ കേരളത്തിന്റെ നവോത്ഥാനം ഇരുളിലേക്ക് മറയും: വി.മുസഫര്‍ അഹമ്മദ്



ജിദ്ദ> ഒരിക്കല്‍ സംഭവിച്ച നവോത്ഥാനവുമായി എക്കാലത്തും കേരളീയ സമൂഹത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും നവോത്ഥാന മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ വലിയ ജാഗ്രതയും ഇടപെടലും നിരന്തരമായ പുതുക്കലുകളും മാറിമാറിവരുന്ന ചരിത്രബോധങ്ങളുടെ വെളിച്ചവും ആവശ്യമാണെന്നും പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ വി.മുസഫര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിക്കുന്ന പല സംഭവങ്ങളും  വെളിപ്പെടുത്തുന്നത് നാം നമ്മുടെ ജീവിതം എത്രമാത്രം ജാഗ്രതയോടെ മുന്നോട്ട് കൊണ്ടുപോകണമെന്നാണ്.  ലോകത്തെ ഏതു ഭാഷയിലെയും പദങ്ങളെ സ്വീകരിച്ച് സ്വന്തമാക്കി വികസിക്കാനുള്ള മലയാള ഭാഷയുടെ സവിശേഷതയായ അഡാപ്റ്റബിലിറ്റിയാണ് ഏതു പ്രതികൂലതകളെയും അതിജീവിച്ച് ലോകത്തെവിടെയും പോയി ജോലിചെയ്തുജീവിക്കാന്‍ മലയാളിയെ  പ്രാപ്തനാക്കിയതെന്നും മലയാള ഭാഷയില്‍ ഗള്‍ഫ് മലയാളം എന്നൊരു വിഭാഗം വരേണ്ട രീതിയില്‍ നിരവധി പദങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഗള്‍ഫ് മലയാളിയുടെ ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തലോ വേണ്ടത്ര ഗൗരവമായ പഠനങ്ങളോ ഇനിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി മലയാളം മിഷന്‍ സൗദിഅറേബ്യ ചാപ്റ്റര്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ മലയാളി സംഗമത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത കവിയും മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കട 'കനല്‍പ്പൊട്ട്' എന്ന കവിത ആലപിച്ചുകൊണ്ട് സംഗമം ഉദ്ഘാടനം ചെയ്തു. മലയാളം മിഷനില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ അധ്യാപകരെയും കേരള സര്‍ക്കാര്‍ ആദരിക്കുകയും ഒരു വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. മലയാളം മിഷന്‍ ചാപ്റ്റര്‍ പ്രസിഡന്റും മാധ്യമപ്രവര്‍ത്തകനുമായ എം.എം.നഈം സംഗമത്തില്‍ അധ്യക്ഷത വഹിച്ചു. എം.ടി.വാസുദേവന്‍ നായര്‍ എഴുതിയ മാതൃഭാഷ പ്രതിജ്ഞ മലയാളം മിഷന്‍ ചാപ്റ്റര്‍ കണ്‍വീനര്‍ ഷിബു തിരുവനന്തപുരം ചൊല്ലിക്കൊടുത്തു.  സൗദി ചാപ്റ്റര്‍ സെക്രട്ടറി താഹ കൊല്ലേത്ത്, കഥാകൃത്ത് ജോസഫ് അതിരുങ്കല്‍, പ്രദീപ് കൊട്ടിയം, ഹംസ മദാരി, ലൈല സക്കീര്‍, നന്ദിനി മോഹന്‍, മാത്യുതോമസ് നെല്ലുവേലില്‍ എന്നിവര്‍ സംഗമത്തില്‍ സംസാരിച്ചു. എഴുത്തുകാരായ ബീന, എം.ഫൈസല്‍, മലിക് മഖ്ബൂല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മലയാളം മിഷന്‍ വിദഗ്ധ സമിതി ചെയര്‍പേഴ്സണ്‍ ഷാഹിദ ഷാനവാസും നാടക പ്രവര്‍ത്തകനായ എന്‍. സനില്‍ കുമാറും അവതാരകരായിരുന്നു. മണ്മറഞ്ഞ മലായാള കവികള്‍ക്ക് കാവ്യാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള കാവ്യമാലിക മലയാളം മിഷന്‍ ദമ്മാം മേഖലയിലെ എന്റെ മലയാളം പഠനകേന്ദ്രങ്ങളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ സംസാര ഭാഷയുടെ വൈവിധ്യങ്ങളുമായി റിയാദ് കേളി മധുരം മലയാളം പഠനകേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികളായ മീര, അന്നപൂര്‍ണ,ശിവദ എന്നിവര്‍ അവതരിപ്പിച്ച  ഭാഷാ പരിപാടിക്ക് മേഖലാ സെക്രട്ടറി സീബ കൂവോട് നേതൃത്വം നല്‍കി. ഖദീജ താഹ, നാദിയ നൗഫല്‍, അഞ്ജന വിക്ടോറിയ, കൃപാസാറ സാബു എന്നിവര്‍ കവിതകള്‍ ആലപിച്ചു. മലയാളം മിഷന്‍ വിവിധ മേഖലകളിലെ വിദ്യാര്‍ത്ഥികളായ നേഹ പുഷ്പരാജ്, ഹിന പുഷ്പരാജ്, ശ്രീനന്ദ, നക്ഷത്ര, അധുനാ എസ് അനില്‍, ഹിമ ബൈജുരാജ്, കൃഷ്ണ വേണുഗോപാല്‍,ഗൗരിനന്ദ, ശ്രീലക്ഷ്മി ബാബുരാജ്, മോക്ഷ ആന്‍ സാം, അഹമ്മദ് ഹാരിസ്, മയൂഖ ഷാജി,സ്വാലിഹ നൂറിന്‍, ഇഹ്‌സാന്‍ ഹമദ് മൂപ്പന്‍, ശ്രേയ സുരേഷ് എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.   Read on deshabhimani.com

Related News