അധ്യാപനത്തിനും ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്



ദുബായ്> ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസ രംഗത്ത് സജീവമായി ഉപയോഗിക്കുന്നതിനുള്ള പദ്ധതികള്‍ യുഎഇ ആരംഭിച്ചു. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള ട്യൂട്ടര്‍ വികസിപ്പിക്കാനും നടപ്പിലാക്കാനും പ്രവര്‍ത്തനം തുടങ്ങിയതായി ദുബൈയില്‍ നടക്കുന്ന ആഗോള സര്‍ക്കാര്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേ വിദ്യാഭ്യാസ മന്ത്രി അഹമ്മദ് ബില്‍ഹൂല്‍ അല്‍ ഫലാസി വ്യക്തമാക്കി. മൈക്രോസോഫ്റ്റ് , ഓപ്പണ്‍ എ ഐ എന്നിവയടക്കം വിവിധ സാങ്കേതിക വിജ്ഞാന കമ്പനികളുമായി സഹകരിച്ചു കൊണ്ടാണ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും, പഠനം മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസ മന്ത്രാലയം പദ്ധതി ഇട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പാഠ്യപദ്ധതി മുതല്‍, അധ്യാപനം, മൂല്യനിര്‍ണയം എന്നിവ അടക്കമുള്ള കാര്യങ്ങളില്‍ കൃത്യമായ അവലോകനം നടത്തും. വിവിധ കമ്പനികളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി വഴി വിവിധ മാതൃകകള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളുടെ പഠന അനുഭവം മെച്ചപ്പെടുത്തലാണ് ലക്ഷ്യം വയ്ക്കുന്നത്. പഠനം ഏറ്റവും ആകര്‍ഷകവും സംവേദനക്ഷമവും ആകുന്നതിന് ഒരു പ്രത്യേക ട്യൂട്ടര്‍ വികസിപ്പിച്ചെടുക്കാനും മന്ത്രാലയം ആലോചിക്കുന്നു. നിര്‍മ്മിത ബുദ്ധി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് ജാഗ്രത അനിവാര്യമാണെന്നും ഡാറ്റ ഉപയോഗിച്ച് മൂല്യനിര്‍ണയം നടത്തുന്നതിലൂടെ വ്യത്യസ്ത നിലവാരത്തിലുള്ള പഠിതാക്കളുടെ ശരിയായ മൂല്യനിര്‍ണയനം  അസാധ്യമാകും എന്നും നിര്‍മ്മിത ബുദ്ധിയെ മാനുഷിക വ്യവഹാരങ്ങളുമായി കൂട്ടിച്ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സംഘര്‍ഷവും ആശങ്കയും ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നും വിദഗ്ധര്‍ ഫോറത്തില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ ലോകം തയ്യാറാകണമെന്നും അതല്ല എങ്കില്‍ ലോകത്തിനോട് അധാര്‍മികതയാണ് നാം കാണിക്കുന്നത് എന്നും വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി.  ഘട്ടം ഘട്ടമായി യൂണിവേഴ്‌സിറ്റി തലം മുതല്‍ പ്രാഥമിക തലം വരെ നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകള്‍ ഭാവിയില്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളാണ് വിദ്യാഭ്യാസമന്ത്രാലയം ആലോചിക്കുന്നത്.   Read on deshabhimani.com

Related News