പുതിയ ബഹിരാകാശ ദൗത്യവുമായി യുഎഇ



ദുബായ്>  അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ആറ് മാസം നീണ്ടുനിൽക്കുന്ന പുതിയ ബഹിരാകാശ ദൗത്യവുമായി യു എ ഇ.  മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററും, ആക്‌സിയം സ്‌പേസ് ഇങ്കും ഇതു സംബന്ധിച്ച ധാരണയിൽ ഒപ്പുവച്ചു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ആദ്യത്തെ ദീർഘകാല ദൗത്യത്തിൽ ഒരു എമിറാറ്റി ബഹിരാകാശയാത്രികനെ അയയ്‌ക്കുന്നതിന് യുഎഇയും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയും തമ്മിലുള്ള ഒരു പുതിയ സഹകരണമാണ് ഇതുവഴി പ്രഖ്യാപിക്കുന്നത്.  ഇതോടെ ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾ നടത്തിയ 11 രാജ്യങ്ങളിൽ യുഎഇയും ഉൾപ്പെടും. 2019 സെപ്റ്റംബർ 25 ന് സോയൂസ് എംഎസ് 15 ബഹിരാകാശ പേടകത്തിൽ യുഎഇയുടെ ഹസ്സ അൽ മൻസൂരി  ബഹിരാകാശ നിലയത്തിൽ എത്തിയിരുന്നു. എട്ടു ദിവസമാണ് ഹസ്സ അന്ന് ബഹിരാകാശ നിലയത്തിൽ തങ്ങിയത്. ആറു മാസത്തെ ദീർഘകാല ദൗത്യത്തിൽ ആദ്യത്തെ അറബ് ബഹിരാകാശയാത്രികനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കുന്നതിനുള്ള കരാർ ഒപ്പിട്ടത് യുഎഇ ബഹിരാകാശ മേഖലയുടെ പുതിയ നാഴികക്കല്ലാണ് എന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. വാഷിംഗ്ടണിലെ യുഎഇ അംബാസഡർ യൂസഫ് അൽ ഒത്തയ്‌ബ, മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ചെയർമാൻ ഹമദ് ഒബൈദ് അൽ മൻസൂരി, ആക്‌സിയം സ്‌പേസ് പ്രസിഡന്റും സിഇഒയുമായ മിഷേൽ സഫ്‌റീഡിനി, ഡെപ്യൂട്ടി ചെയർമാൻ യൂസഫ് സമദ് അൽ ഷൈബാനി, സെന്റർ ഡയറക്ടർ സലീം അൽ മാരി ബഹിരാകാശ സഞ്ചാരികളായ നോറ അൽ മത്റൂഷി, മുഹമ്മദ് അൽ മുല്ല എന്നിവർ വാഷിംഗ്ടണിലെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് എംബസിയിൽ നടന്ന ഒപ്പുവെയ്‌ക്ക‌‌ൽ ചടങ്ങിൽ പങ്കെടുത്തു. ഐഎസ്എസിലേക്കുള്ള ബഹിരാകാശ ദൗത്യത്തിൽ ഒരു എമിറാറ്റി ബഹിരാകാശ സഞ്ചാരിയും യുഎസിൽ നിന്നുള്ള അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഉൾപ്പെടും. സംഘം പരീക്ഷണങ്ങൾ നടത്തുകയും സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ചെയ്യും. റഷ്യൻ ബഹിരാകാശയാത്രികരുടെയും അമേരിക്കൻ, യൂറോപ്യൻ ബഹിരാകാശ സഞ്ചാരികളുടെയും ഒരു സംഘം അവരെ ബഹിരാകാശ നിലയത്തിലേക്ക് സ്വാഗതം ചെയ്യും. ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിലാണ് നാല് ബഹിരാകാശയാത്രികർക്ക്  യു എ ഇ.  മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ പരിശീലനം നൽകുന്നത്. ഇതുവരെ, ഐഎസ്എസിലേക്ക് ദീർഘകാല ദൗത്യങ്ങളിൽ ബഹിരാകാശയാത്രികരെ അയയ്ക്കാൻ കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ, ഈ സവിശേഷ പട്ടികയിൽ ഉൾപ്പെടുന്ന ഏറ്റവും പുതിയ രാജ്യമാണ് യുഎഇ. ദൗത്യം പൂർത്തിയാകുമ്പോൾ, ബഹിരാകാശ നിലയത്തിൽ ദീർഘനേരം താമസിച്ചുകൊണ്ട് ഒരു ദൗത്യം ഏറ്റെടുക്കുന്ന ആദ്യത്തെ അറബ് രാജ്യം എന്ന സവിശേഷ ബഹുമതി എമിറേറ്റ്സിന് സ്വന്തമാകും. Read on deshabhimani.com

Related News