ഖത്തറിന്റെ ലോകകപ്പ് ആതിഥേയത്വം അറബ് ലോകത്തിന് അഭിമാനമെന്ന് യുഎഇ പ്രസിഡന്റ്

twitter.com/MohamedBinZayed/statu


ദോഹ> ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിൽ ഖത്തറിന്റെ വിജയം എല്ലാ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കും അറബ് ലോകത്തിനും അഭിമാനിക്കാൻ വകനൽകുന്നതാണെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നെഹ്യാൻ. ഇത് അറബ് ലോകത്ത് മികച്ച നിലവാരത്തിലും കാര്യക്ഷമതയിലും ആഗോള പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള കഴിവിന്റെ തെളിവാണെന്നും പ്രസിഡന്റ് പ്രസ്‌താവിച്ചു. ഔദ്യോഗിക സന്ദർശനാർഥം തിങ്കളാഴ്‌ച രാവിലെ ഖത്തറിൽ എത്തിയ യുഎഇ പ്രസിഡന്റ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി നടന്ന കൂടിക്കാഴ്‌ച‌യിലാണ് ഖത്തറിന്റെ ആതിഥേയത്വത്തെ പ്രശംസിച്ചത്. ദോഹയിലെ അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്‌‌ചയിൽ യുഎഇ- ഖത്തർ ബന്ധങ്ങളും സാമ്പത്തിക, നിക്ഷേപം, വ്യാപാര മേഖലകളിൽ പൊതു താൽപ്പര്യം മുൻനിർത്തി  സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും യോഗം ചർച്ചചെയ്‌തു. സന്ദർശനം യുഎഇ-ഖത്തർ സഹകരണം ശക്തിപ്പെടുത്തുമെന്നും അതിന്റെ ചക്രവാളങ്ങൾ വിപുലീകരിക്കാൻ സഹായിക്കുമെന്നും ഖത്തർ അമീർ പ്രത്യാശ പ്രകടിപ്പിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ഷെയ്ഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്‌യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്‌യാൻ തുടങ്ങിയ ഉന്നത തല പ്രതിനിധി സംഘവും യുഎഇ പ്രസിഡന്റിനെ അനുഗമിച്ചു. രാവിലെ ഖത്തർ അമീർ പ്രസിഡന്റിനെ വിമാനതാവളത്തിൽ സ്വീകരിച്ചു. വൈകീട്ട് ഷെയ്ഖ് മുഹമ്മദ് യുഎഇയിലേക്ക് മടങ്ങി. ഗൾഫ് ഐക്യദാർഢ്യവും സംയുക്ത പ്രവർത്തനവും ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് സന്ദർശനമെന്ന്  യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്‌ടാവ് അൻവർ ഗർഗാഷ് ട്വിറ്ററിൽ പറഞ്ഞു. ഖത്തറിനുനേരെ സൗദിയും സഖ്യകക്ഷികളും ഉപരോധം അവസാനിപ്പിച്ചശേഷം ആദ്യമായാണ് യുഎഇ പ്രസിഡന്റ ഖത്തർ സന്ദർശിക്കുന്നത്. 2017 ജൂൺ അഞ്ചിന് ആരംഭിച്ച ഉപരോധം 2021 ജനുവരിയിലാണ് സമാപിച്ചത്. അതേസമയം, ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് തിങ്കളാഴ്‌ച വൈകീട്ട് അബുദാബിയിലെത്തി. ബഹ്‌റൈൻ സന്ദർശന ശേഷമാണ് ഇസ്രയേൽ പ്രസിഡന്റ് അബുദാബിയിൽ എത്തിയത്. Read on deshabhimani.com

Related News