യുഎഇയില്‍ അവശ്യവസ്തുക്കളുടെ വില വര്‍ധന തടയാന്‍ സര്‍ക്കാര്‍ നടപടി



അബുദാബി> അവശ്യവസ്തുക്കളുടെ വിലവര്‍ധന തടഞ്ഞ് യുഎഇ മന്ത്രാലയം. സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കാന്‍ പാടില്ല എന്നതുള്‍പ്പെടെയുള്ള പുതിയ വില നിയന്ത്രണങ്ങള്‍ക്ക് മന്ത്രിസഭ രൂപം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ അടിസ്ഥാന സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ചില്ലറ വ്യാപാരികള്‍ക്ക് അനുവാദമില്ല. ന്യായ വിലയ്ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിന് കച്ചവടകേന്ദ്രങ്ങളെ ബാധ്യസ്ഥരാക്കുന്നതാണ് പുതിയ നിയമം. പാചക എണ്ണ, മുട്ട, പാലുല്‍പ്പന്നങ്ങള്‍, അരി, പഞ്ചസാര, ഫ്രഷ് ചിക്കന്‍, പയര്‍വര്‍ഗ്ഗങ്ങള്‍, റൊട്ടി, ഉപ്പ്, മൈദ, ഗോതമ്പ്, മിനറല്‍ വാട്ടര്‍ എന്നിവ പ്രാഥമിക ലിസ്റ്റില്‍ ഉള്ള ഉത്പന്നങ്ങളാണ്.മറ്റ് സാധനങ്ങള്‍ 'വിലയിലെ സംഭവവികാസങ്ങള്‍ക്കനുസരിച്ച്' ചേര്‍ക്കാമെന്ന് യുഎഇ സര്‍ക്കാര്‍ അറിയിച്ചു.   വില നിയന്ത്രിക്കുന്നതിന് ചരക്ക് വിതരണക്കാര്‍, ഔട്ട്ലെറ്റുകള്‍, ഉപഭോക്താക്കള്‍ എന്നിവ തമ്മില്‍ ന്യായമായ സംവിധാനങ്ങളും ഫലപ്രദമായ നടപടിക്രമങ്ങളും വികസിപ്പിക്കുന്നതിലാണ് പുതിയ നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്.   അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നയത്തിന് ഈ വര്‍ഷം ആദ്യം സാമ്പത്തിക മന്ത്രാലയം അംഗീകാരം നല്‍കിയിരുന്നു. പോളിസി അനുസരിച്ച്, വിതരണക്കാര്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ചില ഇനങ്ങളുടെ വില വര്‍ധനയെ ന്യായീകരിക്കാന്‍ തെളിവുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. 11,000-ലധികം ചരക്കുകള്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ഉയര്‍ന്ന ഇറക്കുമതിച്ചെലവ് കാരണം വില ഉയര്‍ത്താന്‍ ആഗ്രഹിക്കുന്ന വിതരണക്കാര്‍ പ്രസക്തമായ എല്ലാ തെളിവുകളും ഡാറ്റയും സമര്‍പ്പിക്കണം. അനുമതിയും നിരക്ക് വര്‍ധനയും സംബന്ധിച്ച് മന്ത്രാലയം പിന്നീട് തീരുമാനിക്കും. കസ്റ്റംസ് ഇളവ് നയത്തില്‍ മാറ്റം വരുത്തി പ്രാദേശിക ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പുതിയ നയവും മന്ത്രിസഭ അംഗീകരിച്ചു. പ്രാദേശികമായി ലഭ്യമല്ലാത്ത ഇറക്കുമതി ചെയ്ത വസ്തുക്കള്‍ക്ക് മാത്രമേ ഇനി ഇളവ് ലഭിക്കൂ. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കാന്‍ ഫാക്ടറികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം,' ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.   Read on deshabhimani.com

Related News