യുഎഇയിൽ പതാകദിനം ആചരിച്ചു



ദുബൈ > രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യു എ ഇ പതാകദിനം സമുചിതമായി ആചരിച്ചു. പതാക ദിനം ആചരിക്കാനുള്ള യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന്റെ ആഹ്വാനം സ്വദേശികളും വിദേശികളും ഒരേ മനസ്സോടെയാണ് ഏറ്റെടുത്തത്. രാജ്യത്തിന്റെ ഐക്യം വിളിച്ചോതി സർക്കാർ കെട്ടിടങ്ങൾ, സ്വകാര്യ ഓഫീസുകൾ, വീടുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം രാവിലെ 11 മണിയോടെ പതാക ഉയർത്തൽ ചടങ്ങ് നടന്നു. സേനയുടെ സൈനിക അഭ്യാസപ്രകടനങ്ങളും പതാകദിനത്തിന്റെ ഭാഗമായി നടന്നു. അബുദാബിയിൽ ഉപ പ്രധാനമന്ത്രിയും, പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ഷെയ്ക്ക് മൻസൂർ ബിൻ സായിദ് അൽ നഹിയാൻ ഖസർ അൽവത്തനിൽ പതാക ഉയർത്തി. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു. ജി ഡി ആർ എഫ് എ ദുബായ് ആസ്ഥാനത്ത് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പതാക ഉയർത്തി. എക്സ്പോസിറ്റിയിൽ നടന്ന പതാകദിന ആഘോഷത്തിൽ യു എ ഇ അന്താരാഷ്ട്ര സഹകരണ മന്ത്രി റീം അൽഹാഷ്മി പങ്കെടുത്തു. ദുബായ് പോലീസ് ആസ്ഥാനം, ആർ ടി എ, ദുബായ് ഹെൽത്ത് അതോറിറ്റി, അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് എന്നിവിടങ്ങളിലും വിപുലമായ തോതിൽ പതാകദിന ആചരണങ്ങൾ നടന്നു. മിക്ക എമിറേറ്റുകളും വിപുലമായാണ് പതാകദിനം ആചരിച്ചത്.  വിവിധ ഇന്ത്യൻ അസോസിയേഷനുകളും അവരവരുടെ ആസ്ഥാനങ്ങളിൽ പതാക ഉയർത്തൽ ചടങ്ങ് നടത്തി.   Read on deshabhimani.com

Related News