യുഎഇയില്‍ വന്‍ നിയമ പരിഷ്‌കരണം; സ്ത്രീകള്‍ക്ക് കൂടുതല്‍ സംരക്ഷണം



ദുബായ്‌ >  യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വിപുലമായ നിയമ പരിഷ്‌കാരങ്ങള്‍ക്ക് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നെഹ്യാന്‍ അംഗീകാരം നല്‍കി. സ്ത്രീകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും കൂടുതല്‍ സംരക്ഷണം, വ്യക്തിഗത വിവരങ്ങള്‍ക്ക് മികച്ച സംരക്ഷണം, വ്യാജ വാര്‍ത്തകള്‍ കൈകാര്യം ചെയ്യല്‍, വിവാഹേതര ബന്ധത്തിലെ കുട്ടികളെ അംഗീകരിക്കല്‍ എന്നിവ പ്രധാന മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. ബലാത്സംഗത്തില്‍ ജീവപര്യന്തം തടവാണ് നിയമ പരിഷ്‌കരണം നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇര 18 വയസില്‍ കുറഞ്ഞയാളോ, ഭിന്നശേഷിക്കാരോ, പ്രതിരോധിക്കാന്‍ കഴിയാത്ത ആളോ ആണെങ്കില്‍ വധശിക്ഷ വരെ ലഭിക്കും. വിവാഹേതര ബന്ധങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും പുതിയ നിയമം ലഘൂകരിക്കുന്നു. ഇതനുസരിച്ച് അടുത്തവര്‍ഷം ജനുവരി രണ്ട് മുതല്‍ വിവാഹേതര ബന്ധങ്ങള്‍ കുറ്റകൃത്യമായി കണക്കാക്കില്ല. വിവാഹേതര ബന്ധത്തിലെ കുട്ടികളെ അംഗീകരിക്കുകയും പരിപാലിക്കുകയും ചെയ്യും. ഇത്തരം കുട്ടികള്‍ക്ക് മാതാപിതാക്കള്‍ അവര്‍ക്ക് പൗരത്വമുള്ള രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായി തിരിച്ചറിയല്‍ പേപ്പറുകളും യാത്രാ രേഖകളും നല്‍കുകയും വേണം. ഇത് പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് ജയില്‍ ശിക്ഷക്ക് കാരണമാകും. വിവാഹേതര ബന്ധങ്ങളില്‍ ഭര്‍ത്താവിന്റെയോ രക്ഷിതാവിന്റെയോ പരാതിയുണ്ടെങ്കില്‍ ആറുമാസത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കും. അപമര്യാദയായി പെരുമാറുന്നവര്‍ക്ക് തടവോ 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ ആയിരിക്കും ശിക്ഷ. കുട്ടികളോ ഭിന്നശേഷിക്കാരോ ആണ് ആക്രമിക്കപ്പെടുന്നതെങ്കില്‍ തടവ് 10 വര്‍ഷം വരെ. ഡിജിറ്റല്‍ സിഗ്‌നേചറുകള്‍ക്ക് കൈയൊപ്പിന്റെ അതേ മൂല്യമുണ്ടാകും. പകര്‍പ്പവകാശം ഉറപ്പുവരുത്തി സര്‍ഗാത്മ വ്യവസായത്തെ  ശക്തിപ്പെടുത്തും. നിക്ഷേപകരെയും സംരംഭകരെയും എല്ലാ മേഖലകളിലും കമ്പനികള്‍ സ്ഥാപിക്കാനും പൂര്‍ണമായി സ്വന്തമാക്കാനും നിയമം അനുവദിക്കുന്നു. വ്യക്തിവിവരങ്ങളുടെ രഹസ്യസ്വഭാവം ഉറപ്പുവരുത്തുന്നതിനും സ്വകാര്യത സംരക്ഷിക്കുന്നതിനും 'വ്യക്തിഗത ഡേറ്റ സംരക്ഷണ നിയമം' രൂപീകരിച്ചു. 40ല്‍ അധികം നിയമങ്ങള്‍ പരിഷ്‌കരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ചിലത് പുതിയതാണ്, Read on deshabhimani.com

Related News