യുഎഇ ഭൂചലനം; ആശങ്ക വേണ്ടെന്ന് അധികൃതർ



ദുബായ്> യുഎഇയിൽ തുടർച്ചയായി ഉണ്ടാവുന്ന ഭൂചലനത്തിൽ ആശങ്കവേണ്ടെന്ന് അധികൃതർ. ഇറാനിലും മറ്റുമുണ്ടായ ഭൂചലനങ്ങളുടെ ഭാഗമായി അടുത്തിടെയായി നിരവധി പ്രകമ്പനങ്ങളാണ് യുഎഇയിൽ അനുഭവപ്പെട്ടത്. ശനിയാഴ്‌ച രാത്രിയിൽ ദക്ഷിണ ഇറാനിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഭാ​ഗമായി യുഎഇയിലും ഭൂചലനമുണ്ടായി. ദുബായ് ഷാർജ, അജ്‌മാൻ, റാസ് അൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായത്. ഇറാനിൽ അടുത്തിടെയായി ഉണ്ടാകുന്ന ഭൂചലനങ്ങളുടെ തുടർ ചലനങ്ങൾ യുഎഇയിൽ ഏറിയും കുറഞ്ഞും അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. യുഎഇ നിവാസികൾ ഭൂകമ്പത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അഭിപ്രായപ്പെട്ടു. ഉയരമുള്ള ഫ്ലാറ്റുകളിൽ  താമസിക്കുന്നവർക്കാണ് വില്ലകളിൽ താമസിക്കുന്ന ആളുകളെക്കാൾ കൂടുതൽ പലപ്പോഴും ഭൂകമ്പ ചലനങ്ങളുടെ തീവ്രത അനുഭവപ്പെടുന്നത്. ഒന്നും രണ്ടും നിലകളിൽ താമസിക്കുന്നവർക്കും പത്താം നിലയിലോ അതിനു മുകളിലോ ഉള്ളവർക്കും വ്യത്യസ്തമായ തീവ്രതയാണ് അനുഭവപ്പെടുക എന്നാണ് മെറ്റീരിയോളജി വിഭാഗം അഭിപ്രായപ്പെടുന്നത്.  ആഗോള ഭൂകമ്പ കോഡുകൾ ഉപയോഗപ്പെടുത്തിയാണ് യുഎഇയിൽ കെട്ടിടങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് എന്നതിനാൽ ആശങ്ക ഒട്ടും തന്നെ വേണ്ട എന്നാണ് ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്. ഒരു ഭൂകമ്പം ഉണ്ടായിക്കഴിഞ്ഞാൽ അതിന്റെ അനുബന്ധ ചലനങ്ങൾ ചിലപ്പോൾ ആഴ്‌ചകളും മാസങ്ങളും നിലനിൽക്കും. ഒരു ഭൂകമ്പം നടക്കുമ്പോൾ അതിന്റെ ആദ്യത്തെ ഭൂകമ്പത്തിൽ തന്നെ ഭൂരിഭാഗം ഊർജ്ജവും പ്രസരണം ചെയ്യപ്പെടും.  അതുകൊണ്ടുതന്നെ അനുബന്ധ ചലനങ്ങളുടെ ഭാഗമായി കാര്യമായ അപകടങ്ങൾ ഒന്നും തന്നെ ഉണ്ടാകാറില്ല. തെക്കൻ ഇറാനുമായി കുറേക്കൂടി അടുത്ത് നിൽക്കുന്ന പ്രദേശമായതിനാൽ യുഎഇയുടെ വടക്കൻ പ്രദേശങ്ങളായ റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിൽ മറ്റു എമിറേറ്റുകളെ അപേക്ഷിച്ച് ഭൂകമ്പ ചലനങ്ങൾ കുറെക്കൂടി ശക്തമായി അനുഭവപ്പെടും.   Read on deshabhimani.com

Related News