ചേരിചേരാ മുന്നേറ്റം, ലോകസമാധാനത്തിന്റെ താക്കോൽ: യു എ ഇ ഡെപ്യൂട്ടി സ്‌പീക്കർ



ദുബായ്> സഹിഷ്‌ണുതയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുകയും, ലോകരാജ്യങ്ങൾ തമ്മിൽ പരസ്പര വിശ്വാസത്തോടുകൂടിയുള്ള സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ യുദ്ധങ്ങൾ ഇല്ലായ്‌മ ചെയ്‌തു ലോകസമാധാനം സംരക്ഷിക്കാൻ കഴിയുകയുള്ളൂ എന്ന് യുഎഇ ഫെഡറൽ കൗൺസിൽ രണ്ടാം ഡെപ്യൂട്ടി സ്‌പീക്കർ നാമ അബ്ദുള്ള അൽ ഷർഹാൻ. ബാക്കുവിൽ നടന്ന ചേരിചേരാ മുന്നേറ്റത്തിന്റെ പാർലമെൻററി നെറ്റ്‌വർക്ക് കോൺഫറൻസിൽ യുഎഇയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അവർ. സമാധാനപരമായ സഹവർത്തിത്വത്തിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കുക എന്ന ചേരിചേരാ നയത്തിന്റെ പ്രാധാന്യം ഏറെ പ്രസക്തമായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത് .  അന്താരാഷ്ട്ര സ്ഥിരത,  സമാധാനം,  സുരക്ഷ എന്നിവ സ്ഥാപിക്കുന്നതിനും സുസ്ഥിരവികസനം കൈവരിക്കുന്നതിനും അന്താരാഷ്ട്ര ബന്ധങ്ങൾ ശരിയായി കൈകാര്യം ചെയ്യുന്നതിൽ പാർലമെൻററി നയതന്ത്രത്തിന് ഒരു സുപ്രധാന പങ്കാണ് വഹിക്കാനുള്ളത് എന്നും അവർ കൂട്ടിച്ചേർത്തു. ചേരിചേരാ നയത്തിന്റെ അന്തസത്ത കാലാതീതമായി നിലകൊള്ളുന്ന ഒന്നാണ് എന്നും, ലോകരാജ്യങ്ങളെ ഒന്നിപ്പിക്കുന്നതിനും കൂട്ടായ പ്രവർത്തനങ്ങളിലൂടെ സമാധാനം പുനസ്ഥാപിക്കുന്നതിനും ചേരിചേരാ മുന്നേറ്റം ഏറെ പ്രധാനപ്പെട്ടതാണ് എന്നും ബാക്കു സമ്മേളനത്തിൽ അവർ ഊന്നിപ്പറഞ്ഞു. Read on deshabhimani.com

Related News