ടൂറിസം മേഖല വീണ്ടും ഉണർവിൽ; യു എ ഇ യിൽ വിദേശ സഞ്ചാരികളുടെ തിരക്ക്



ദുബായ്> കോവിഡ് കാലത്തിൽ നിന്ന് മുക്തി നേടി യുഎഇയിലെ വിനോദ സഞ്ചാര മേഖല മുന്നോട്ടു കുതിക്കുന്നു. ആയിരക്കണക്കിന് സഞ്ചാരികളാണ് നിത്യേന ഇവിടെ എത്തുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്തിന്റെ പല ഭാഗത്തേക്കും പോകുന്ന യാത്രക്കാർ ദുബായ് വഴിയുള്ള യാത്രയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്.  നടപടിക്രമങ്ങളുടെ സുതാര്യതയും വേഗതയും ആതിഥ്യപരിപാലനത്തിലുള്ള മികവുമാണ് ദുബായ് തിരഞ്ഞെടുക്കാൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്നത്. അമേരിക്ക, യൂറോപ്പ്, മധ്യേഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും ദുബായ് വഴി കടന്നു പോകുന്നത്. അടുത്തിടെ യുഎഇയിലെത്തുന്ന സഞ്ചാരികളേറെയും ഇന്‍ഡ്യ, ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇടക്കാലത്ത് യുഎഇ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇപ്പോൾ എടുത്തുകളഞ്ഞിട്ടുണ്ട്.  കേരളം, തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വടക്കേ ഇന്‍ഡ്യക്കാരും യുഎഇയിലേക്ക് ധാരാളമായി എത്തുന്നുണ്ടെന്ന് ദുബൈയിലെ ട്രാവല്‍, ടൂര്‍ ഏജന്‍സികളും പറയുന്നു. ഇന്ത്യക്കാർക്കുള്ള വിസ നടപടികൾ യു എ ഇ വേഗത്തിൽ പൂർത്തിയാക്കുന്നതിനാൽ നിരവധി ഇന്ത്യക്കാരാണ് ഇപ്പോൾ ഇവിടെ എത്തുന്നത്.  'ദുബൈ മ്യൂസിയം ഓഫ് ദ ഫ്യൂചര്‍' ആണ് സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഇടം. ചൂടുകാലമായതിനാല്‍ വാട്ടർ പാർക്കുകളാണ് വിനോദസഞ്ചാരികൾ ഏറെയും തിരഞ്ഞെടുക്കുന്നത്. സമീപ എമിറേറ്റുകളായ ഷാർജ, റാസ് അൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലും സഞ്ചാരികളുടെ തിരക്കുണ്ട്. ഒക്ടോബറിൽ ദുബൈ ഗ്ലോബല്‍ വില്ലേജ് പ്രവർത്തനം ആരംഭിക്കുന്നതോടെ കൂടുതൽ വിനോദ സഞ്ചാരികൾ ഇവിടെയെത്തും. Read on deshabhimani.com

Related News