ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലു തൂണുകള്‍ക്കും തുരുമ്പുപിടിച്ചു: കവി സച്ചിദാനന്ദന്‍

പ്രതിഭ നാടക രചനാ അവാര്‍ഡ് പ്രഖ്യാപിച്ച് കവി സച്ചിദാനന്ദന്‍ സംസാരിക്കുന്നു


മനാമ > ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലു തൂണുകള്‍ക്കും തുരുമ്പു പിടിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് പ്രശസ്ത കവിയും സാഹിത്യകാരനുമായ കെ സച്ചിദാനന്ദന്‍ പറഞ്ഞു. അടിസ്ഥാന സ്വാതന്ത്ര്യം പോലും വെല്ലുവിളിക്കപ്പെടുന്നു. മതേതരത്വം വര്‍ഗീയതക്ക് വഴിമാറി കഴിഞ്ഞു. വര്‍ഗീയ വിദ്വേഷം ധാരാളമായി പ്രചരിപ്പിക്കപ്പെടുകയും വര്‍ഗീയ ലഹളകള്‍ കൃത്രിമമായി സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.    നിയമ നിര്‍മ്മാണ സഭ പലപ്പോഴും ഭരണഘടന വിരുദ്ധങ്ങളായ നിയമങ്ങള്‍ നിര്‍മ്മിക്കുന്നു. പൗരത്വ നിയമ ഭേദഗതി ബില്‍, കൃഷിക്കാര്‍ക്കുവേണ്ടി എന്ന പേരില്‍ കൃഷിക്കാരെ കോര്‍പ്പറേറ്റുകളുടെ അടിമകളാക്കുന്ന രീതിയില്‍ കൊണ്ടുവന്ന പുതിയ നിയമങ്ങള്‍, കോര്‍പ്പറേറ്റുകള്‍ക്കാവശ്യമായ പലതലങ്ങളിലെ ജീവനക്കാരെ സൃഷ്ടിക്കാന്‍ മാത്രം ഉതകുന്ന പുതിയ വിദ്യാഭ്യാസ നയം, വന്‍കിട വ്യവസായികളെ മാത്രം സഹായിക്കാനുള്ള വെള്ളം ചേര്‍ത്ത പരിസ്ഥിതി നിയമം, ആദിവാസികളെ പലപ്പോഴും നിരാധാരരും ഭവന രഹിതരുമാക്കുന്ന രീതിയിലുള്ള ഖനനവും മറ്റുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍, പുതിയ ഭക്ഷണ നയങ്ങള്‍, ലൗജിഹാദിന്റെയും മറ്റും പേരില്‍ കൊണ്ടുവരാന്‍ ചില സംസ്ഥാനങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന നിയമങ്ങള്‍, സുപ്രീം കോടതിയുടെ വിധികളെപോലും മറികടന്നുകൊണ്ടും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ നിരാകരിച്ചും കൊണ്ടുള്ള നിയമങ്ങളാണ് പലപ്പോഴും ഇന്നത്തെ പാര്‍ലമെന്റ് പാസാക്കുന്നത്. കാര്യ നിര്‍വഹണ വിഭാഗമാകട്ടെ, ഈ നിയമങ്ങളെ കാര്യക്ഷമമായി നടപ്പാക്കാനുള്ള ശ്രമത്തില്‍ നിരന്തരമായ ജനപീഡനം നടത്തുന്നു.    നമ്മുടെ ജുഡീഷ്യറി പൂര്‍ണമായും സ്വതന്ത്രമല്ല എന്ന് പ്രശാന്ത് ഭൂഷണപോലുള്ള വളരെ മുതിര്‍ന്ന നിയമജ്ഞര്‍ക്ക് പോലും പറയേണ്ടിവരുന്ന ഒരു അവസ് ഇന്ന് നിലവിലുണ്ട്. ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായി അറിയപ്പെടുന്ന പത്രമാധ്യമങ്ങള്‍ ആകട്ടെ മിക്കവാറും എല്ലാം തന്നെ ഗവണ്‍മെന്റിന്റെ ജിഹ്വകളായി മാറിയിരിക്കുന്നു. അവിടെ എതിര്‍ ശബ്ദങ്ങള്‍ കേള്‍ക്കപ്പെടുന്നേയില്ല. വല്ലപ്പോഴും കേള്‍ക്കപ്പെടുന്നുണ്ടെങ്കില്‍ അവ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യും. ധാരാളം കപട വാര്‍ത്തകള്‍ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും ഇന്ന് പ്രചാരം കൂടുതലായി നേടിവരികയാണ്.    ആവിഷ്‌കാര സ്വാതന്ത്ര്യം, കൂട്ടം കൂടാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം, സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങി അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ പോലും വെല്ലുവിളിക്കപ്പെടുന്ന കാലത്താണ് നമ്മള്‍. നമ്മുടെ രാജ്യം ലക്ഷ്യമാക്കുന്ന സോഷ്യലിസം അഥവാ സ്ഥിതിസമത്വം എന്നതില്‍ നിന്ന് അകന്ന് പോയികൊണ്ടേയിരിക്കുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും മുന്‍പെങ്ങുമില്ലാത്തവിധം വര്‍ധിച്ചു. അങ്ങിനെ പൗരാവകാശം, വിദ്യാഭ്യാസം, ജനങ്ങളുടെ സാധാരണ ജീവിത നിലവാരം തുടങ്ങി എല്ലാ കാര്യത്തിലും നമ്മുടെ രാജ്യം ഏറ്റവും പിന്നോട്ടുപോയ ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.    ബഹ്‌റൈന്‍ പ്രതിഭ പ്രഥമ നാടക രചന പുരസ്‌കാരം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു ജൂറി ചെയര്‍മാന്‍ കൂടിയായ സച്ചിദാനന്ദന്‍. നാടകം നേരിട്ട് തന്നെ സംവേദനം നടത്തുന്ന ഒരു സാഹിത്യ രൂപവും രംഗ കലയുമാണ്. അതിന് സമകാലീന സമൂഹത്തില്‍ നിന്ന് വേറിട്ട ഒരു അസ്ഥിത്വമില്ല. തീര്‍ച്ചയായും പില്‍ക്കാലങ്ങളില്‍, പുതിയ അര്‍ഥങ്ങളില്‍ ആ നാടകങ്ങള്‍ വായിക്കപ്പെടുകയും അവതരിപ്പിക്കപ്പെടുകയും ഒക്കെ ചെയ്‌തേക്കാം. എങ്കില്‍ പോലും ആത്യന്തികമായി ഇന്ന് എഴുതപ്പെടുന്ന ഒരു നാടകം ഇന്നിന്റെ ജീവിതാവസ്ഥയെയാണ് വിഹരിപ്പിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.    കോട്ടയം സ്വദേശി രാജശേഖരന്‍ ഓണംതുരുത്ത് രചിച്ച 'ഭഗവാന്റെ പള്ളിനായാട്ട്' എന്ന നാടകത്തിനാണ് ബഹ്‌റൈന്‍ പ്രതിഭയുടെ പ്രഥമ നാടക രചനാ പുരസ്‌കാരം ലഭിച്ചത്. സമകാലീന ഇന്ത്യന്‍ രാഷ്ട്രീയം ശക്തമായി അവതരിപ്പിക്കുന്നതാണ് ഈ നാടകമെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.  Read on deshabhimani.com

Related News