ദുബായിയിൽ ഭക്ഷണവിതരണത്തിന് ‘തലബോട്ടുകൾ’ എന്ന റോബോട്ടുകൾ



ദുബായ്>ദുബായിയിൽ  ആപ്പുകളുടെ സഹായത്തോടെ ഭക്ഷണം ഓർഡർ ചെയ്തു വീട്ടിൽ കാത്തിരിക്കുന്നർക്കരികിലേക്ക്  ഡെലിവറിചെയ്യാൻ തലബോട്ടുകൾ എത്തും. റോബോട്ടുകളാണ് ഇനിമുതൽ  ഭക്ഷണം വിതരണം ചെയ്യുക. നഗരത്തിലെ പ്രധാന സാമ്പത്തിക മേഖലകളിൽ ഒന്നായ ദുബൈ സിലിക്കൺ ഒയാസിസിലെ സെഡാർ  വില്ലകളിൽ ആണ് പരീക്ഷണ അടിസ്ഥാനത്തിൽ ഡെലിവറി റോബോട്ടുകളായ മൂന്ന് തലബോട്ടുകൾ പ്രവർത്തിക്കുക. ആദ്യഘട്ടത്തിൽ മൂന്നു കിലോമീറ്റർ ചുറ്റളവിലാണ് ഇവ സഞ്ചരിക്കുക. ഭക്ഷണം ഓർഡർ ചെയ്ത് 15 മിനിറ്റിനകം ഡെലിവറി ഉറപ്പാക്കുന്ന വിധത്തിലാണ് ഇവയുടെ പ്രവർത്തനം. കാർബൺ പുറന്തള്ളൽ കുറച്ച് പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് ആർടിഎ ആണ് ഇതിന് രൂപകല്പന ചെയ്തിരിക്കുന്നതും മേൽനോട്ടം വഹിക്കുന്നതും. ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന സംവിധാനങ്ങൾ റോബോട്ടിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ ഇൻബിൽട്ട് സെൻസറുകളിലുടെ ഡാറ്റ അനലൈസ് ചെയ്തു ചുറ്റുപാടുകൾ വിലയിരുത്തി പാതയിലെ തടസ്സങ്ങൾ ഒഴിവാക്കിയാണ് ഇവ സഞ്ചരിക്കുക.  പിഞ്ചുകുട്ടികളിൽ നിന്നും, വളർത്തു മൃഗങ്ങളിൽ നിന്നും ഇവ സുരക്ഷിതമായ അകലം പാലിച്ച് മുന്നോട്ടു പോകും. റോബോട്ട് വീടിനടുത്ത് എത്തിയാൽ ഉപഭോക്താക്കൾക്ക് ആപ്പിന്റെ സഹായത്തോടെ റോബോട്ട് സാന്നിധ്യം അറിയാൻ സാധിക്കും. ആപ്പിൽ പറയുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് കണ്ടെയ്നർ തുറന്ന് ഭക്ഷണം കൈപ്പറ്റാം. പല സർക്കാർ ഓഫീസുകളിലും സന്ദർശകർക്ക് ചായയും വെള്ളവും നൽകുന്നതിന് റോബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. ഇതിന്റെ വിപുലീകരിച്ച പതിപ്പാണ് ഇപ്പോഴത്തെ തലബോട്ടുകൾ. യുഎഇയിലെ അറിയപ്പെടുന്ന ഡെലിവറി ഏജൻസിയായ തലബാത്തുമായി ചേർന്നാണ് ഈ സംവിധാനം ദുബായ് ആർടിഎ  നടപ്പിലാക്കുന്നത്.   Read on deshabhimani.com

Related News