പന്ത്രണ്ട് വർഷത്തിന് ശേഷം സിറിയ പങ്കെടുക്കും; അറബ് ഉച്ചകോടി നാളെ ജിദ്ദയിൽ



മനാമ > അറബ് ഐക്യത്തിനുള്ള തയ്യാറെടുപ്പുകൾക്കായി 32-ാമത് അറബ് ലീഗ് ഉച്ചകോടി വെള്ളിയാഴ്ച സൗദി ചെങ്കടൽ നഗരമായ ജിദ്ദയിൽ നടക്കും. 22 അംഗ രാജ്യങ്ങളുടെ തലവൻമാർ ഉച്ചകോടിയിൽ പങ്കെടുക്കും. 12 വർഷത്തിനുശേഷം സിറിയൻ പ്രസിഡന്റ് ബശർ അൽ അസദും ഉച്ചകോടിക്ക് എത്തും. ഉച്ചകോടിക്ക് മുന്നോടിയായി ജിദ്ദയിൽ നടന്ന അറബ് വിദേശമന്ത്രിമാരുടെ മുന്നൊരുക്ക യോഗം കരട് അജണ്ടകൾക്കും പ്രമേയങ്ങൾക്കും അംഗീകാരം നൽകി. യോഗത്തിന് എത്തിയ സിറിയൻ വിദേശ മന്ത്രി ഡോ. ഫൈസൽ അൽ മിഖ്ദാനുമായി സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഉച്ചകോടിയിൽ അസദ് പങ്കെടുക്കുമെന്ന സിറിയൻ വിദേശ മന്ത്രി അറിയിച്ചു. അൾജീരിയ, ബഹ്‌റൈൻ, കൊമോറോസ്, ജിബൂട്ടി, ഈജിപ്‌ത്, ഇറാഖ്, ജോർദാൻ, കുവൈറ്റ്, ലെബനൻ, ലിബിയ, മൗറിറ്റാനിയ, മൊറോക്കോ, ഒമാൻ, പലസ്‌തീൻ, ഖത്തർ, സൗദി അറേബ്യ, സൊമാലിയ, സുഡാൻ, സിറിയ, ടുണീഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യെമൻ എന്നിവയാണ് അറബ് ലീഗ് അംഗങ്ങൾ. ഉച്ചകോടിയുടെ അധ്യക്ഷ പദവി അൽജീരിയൻ വിദേശ മന്ത്രി അഹമ്മദ് അത്താഫ് സൗദി വിദേശ മന്ത്രിക്ക് കൈമാറി. മുഴുവൻ അംഗ രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽഗെയ്‌ത് പറഞ്ഞു. സുഡാൻ, യെമൻ, സിറിയ ആഭ്യന്തര യുദ്ധങ്ങളും അറബ് ഐക്യം ശക്തമാക്കാനുള്ള മാർഗങ്ങളും ഉച്ചകോടി  ചർച്ച ചെയ്യും. സിറിയിയിൽ നിന്ന് അയൽരാജ്യങ്ങളിലേക്കുള്ള അഭയാർഥി പ്രവാഹം, മേഖലയിലുടനീളമുള്ള മയക്കുമരുന്ന് കള്ളക്കടത്ത് എന്നിവയുൾപ്പെടെ സിറിയൻ ആഭ്യന്തരയുദ്ധം ഉണ്ടാക്കിയ പ്രതിസന്ധിക്ക് പരിഹരമാർഗങ്ങൾ സമ്മേളനം തേടും. സിറിയൻ ആഭ്യന്തര യുദ്ധത്തെ തുടർന്ന് 2011 നവംബറിലാണ് സിറിയയെ അറബ് ലീഗിൽ നിന്നും സസ്‌പെൻഡ് ചെയ്‌തത്. 2010ൽ ലിബിയയിൽ നടന്ന ഉച്ചകോടിക്ക് ശേഷമായിരുന്നു ഇത്. അതിനുശേഷം ആദ്യമായാണ് സിറിയ അറബ് ഉച്ചകോടിക്ക് എത്തുന്നത്.   അറബ് ലീഗ് ഉച്ചകോടി  അറബ് ജനതയുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സംയുക്ത അറബ് പ്രവർത്തനം വർദ്ധിപ്പിക്കുമെന്ന് സിറിയൻ പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. സിറിയ തിരിച്ചുവന്നതോടെ പ്രതീക്ഷയോടെയാണ് അറബ് മേഖല ഉച്ചകോടിയെ കാണുന്നത്. അതിനാൽ തന്നെ അറബ് ഉദ്യോഗസ്ഥരും പ്രാദേശിക മാധ്യമങ്ങളും ഉച്ചകോടിയെ 'നവീകരണത്തിന്റെ ഉച്ചകോടി' എന്നും 'പ്രതീക്ഷയുടെ കിരണങ്ങൾ' എന്നുമാണ് വിശേഷിപ്പിക്കുന്നത്. Read on deshabhimani.com

Related News