അറബ് ലീഗ് യോഗത്തില്‍ വീണ്ടും സിറിയ; ഉച്ചകോടി 19ന്



മനാമ > ഒരു ദശാബ്‌ദ‌ത്തിനുശേഷം അറബ് ലീഗിലേക്ക് സിറിയ തിരിച്ചെത്തി. അറബ് ലീഗ് ഉച്ചകോടിക്ക് മുന്നോടിയായി തിങ്കളാഴ്ച റിയാദില്‍ ചേര്‍ന്ന തയ്യാറെടുപ്പ് യോഗത്തിലാണ് സിറിയന്‍ പ്രതിനിധികള്‍ പങ്കെടുത്തത്. വെള്ളിയാഴ്‌ച സൗദി ചെങ്കടല്‍ നഗരമായ ജിദ്ദയിലാണ് 32 -ാമത് അറബ് ലീഗ് കൗണ്‍സില്‍ ഉച്ചകോടി. സിറിയന്‍ അറബ് റിപ്പബ്ലിക്കിനെ അറബ് രാജ്യങ്ങളുടെ കൂട്ടായ്‌മയിലേക്ക് സ്വാഗതം ചെയ്യുന്നതായി സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദാന്‍ യോഗത്തില്‍ അറിയിച്ചു. സൗദി ഔദ്യോഗിക  ടിവി ചാനലായ അല്‍ ഇഖ്ബാരിയ യോഗം തത്സമയം സംപ്രേക്ഷണം ചെയ്‌തു. സിറിയന്‍ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് 2011 നവംബറിലാണ് സിറിയയെ അറബ് ലീഗില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തത്. 2010ല്‍ ലിബിയയില്‍ നടന്ന ഉച്ചകോടിക്ക് ശേഷമായിരുന്നു ഇത്. അതിനുശേഷം ആദ്യമായാണ് സിറിയ അറബ് ഉച്ചകോടിക്ക് എത്തുന്നത്. സിറിയന്‍ യുദ്ധത്തോടെ അസദ് മേഖലയില്‍ രാഷ്ട്രീയമായി ഒറ്റപ്പെട്ടിരുന്നു. 2012ല്‍ സൗദി സിറിയയുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ചു. മെയ് എട്ടിനാണ് സിറിയയെ അറബ് ലീഗിലേക്ക് തിരിച്ചെടുത്തത്. തുടര്‍ന്ന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ക്ഷണിച്ചു. മെയ് 10ന് ജോര്‍ദാനിലെ സൗദി അംബാസഡര്‍ നായിഫ് ബിന്‍ ബന്ദര്‍ അല്‍ സുദൈരിയാണ് ക്ഷണക്കത്ത് നല്‍കിയത്. ഇരു രാജ്യങ്ങളും എംബസികള്‍ തുറക്കാനും തീരുമാനമായി. 2018-ല്‍ യുഎഇ, സിറിയയുമായി ബന്ധം പുനഃസ്ഥാപിക്കുകയും സിറിയയെ അറബ് ലീഗില്‍ ഉള്‍പ്പെടുത്താന്‍ പ്രവര്‍ത്തിക്കുകയുമായിരുന്നു. ഫെബ്രുവരി ആറിന് സിറിയയിലും തുര്‍ക്കിയിലും ഉണ്ടായ വന്‍ ഭൂകമ്പത്തെ തുടര്‍ന്നാണ് നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ സജീവമായത്. സൗദിയും സിറിയയുടെ അടുത്ത സഖ്യകക്ഷിയായ ഇറാനും ചൈനീസ് മധ്യസ്ഥതയില്‍ നയതന്ത്ര ബന്ധം പുനരാരംഭിക്കാന്‍ തീരുമാനിച്ചതും നിലപാടുകളില്‍ അയവുണ്ടാക്കി. Read on deshabhimani.com

Related News