ഷാർജ പുസ്തകോത്സവം: താലിബ് അൽറിഫ സാംസ്‌കാരിക വ്യക്തിത്വം; പ്രദർശനത്തിന്‌ ഒന്നരക്കോടി പുസ്തകങ്ങൾ

താലിബ് അൽ റിഫ


ഷാർജ> പ്രമുഖ കുവൈത്തി മാധ്യമപ്രവർത്തകനും, നോവലിസ്റ്റും, ചെറുകഥാകൃത്തുമായ താലിബ് അൽറിഫയെ നാല്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ സാംസ്കാരിക വ്യക്തിത്വമായി തിരഞ്ഞെടുത്തു. അറബ് സാഹിത്യത്തിലുള്ള അദ്ദേഹത്തിന്റെ സംഭാവന കണക്കിലെടുത്താണ്  സാംസ്‌കാരിക വ്യക്തിത്വമായി അദ്ദേഹത്തെ ആദരിക്കുന്നതെന്ന് ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അംറി  അറിയിച്ചു. ലോകം ശ്രദ്ധിച്ച എഴുത്തിലൂടെ അറബ് സംസ്കാരം പാശ്ചാത്യ മേഖലയിൽ വിളംബരം ചെയ്യാൻ റിഫായിയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് ബുക്ക് അതോറിറ്റിയും അഭിപ്രായപ്പെട്ടു. 1958 ജനിച്ച അൽ റിഫായി 1982ൽ  കുവൈത്ത് സർവ്വകലാശാലയിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും ലണ്ടനിലെ കിങ്സ്റ്റൺ സർവകലാശാലയിൽനിന്ന് സർഗാത്മക എഴുത്തിൽ മാസ്റ്റർ ഓഫ് ഫൈൻ ആർട്സും പൂർത്തിയാക്കി. അദ്ദേഹത്തിൻറെ കൃതികൾ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 2002 കുവൈത്തി സ്റ്റേറ്റ് പ്രൈസ് ഫോർ ലെറ്റേഴ്സ് അവാർഡ് നേടിയ റൈഹത്ത് അൽ ബഹർ (കടലിൻറെ സുഗന്ധം) എന്ന താലിബിന്റെ നോവൽ അറബ് മേഖലയിൽ വലിയ പ്രശംസ നേടി. 2003 മുതൽ 2008 വരെ കുവൈത്ത് നാഷണൽ കൗൺസിൽ ഓഫ് കൾച്ചർ, ആർട്സ് ആൻഡ് ലിറ്ററേച്ചറിലെ ജീവനക്കാരനായ താലിബ്, അറബിക് ചെറുകഥയ്ക്കുള്ള അൽ മുൽതാഖ പ്രൈസിന്റെ ചെയർമാനും, 2010 അറബിക് ഫിക്ഷനുള്ള ഇൻറർനാഷണൽ പ്രൈസിന്റെ ജൂറി ചെയർമാനുമായിരുന്നു. ദി ഷെയ്ഡ് ഓഫ് ദി സൺ (1998) , പെറ്റി തെഫ്റ്റ്സ് (2011), ഡ്രസ്സ് (2009) എന്നിങ്ങനെ ശ്രദ്ധേയമായ നിരവധി കൃതികളുടെ രചയിതാവാണ് അദ്ദേഹം. പട്ടാമ്പി ഗവൺമെൻറ് കോളേജലെ അറബിക് വിഭാഗം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ  ആധുനിക അറബ് എഴുത്തുകാരുടെ ചെറുകഥകളുടെ സമാഹാരമായ "വെയിലിന്റെ പുസ്തകം" എന്ന കൃതിയിൽ അൽ റിഫയുടെ കഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോക സാഹിത്യത്തിനും, സമൂഹത്തിനും വേറിട്ട സംഭാവനകൾ നൽകിയ മികച്ച വ്യക്തിത്വങ്ങളെ അംഗീകരിക്കുന്നതിന്റെ ഭാഗമായി ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ അൽഖാസിമിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് പുസ്തകോത്സവത്തിൽ  സാംസ്‌കാരിക വ്യക്തിത്വങ്ങളെ ആദരിച്ചു തുടങ്ങുന്നത്. 1576 പ്രസാധകരുടെ പങ്കാളിത്തമുള്ള പുസ്തകോത്സവത്തിൽ ഇത്തവണ ഒന്നരക്കോടി പുസ്തകങ്ങൾ പ്രദർശനത്തിനെത്തുമെന്നാണ് സംഘാടകർ അറിയിച്ചത്. നവംബർ 3 മുതൽ 13 വരെ ഷാർജ എക്സ്പോ സെൻററിൽ ആരംഭിക്കുന്ന പുസ്തകമേളയുടെ തീം " There is always right book" ആണ്.     Read on deshabhimani.com

Related News