തൊഴിലാളികളെ ഹുറൂബാക്കൽ; സൗദിയിൽ പുതിയ നിബന്ധന



റിയാദ് >  തൊഴിൽ ഉടമകൾ തൊഴിലാളികളെ ഒളിച്ചോടിയതായി കണക്കാക്കി ഹുറൂബ്  ആക്കുന്ന നടപടിക്കു സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചു. തൊഴിലാളികളുടെ  തൊഴിൽ പെർമിറ്റ് കാലാവധി അവസാനിച്ചാൽ മാത്രമേ ഇനിമുതൽ ഹുറൂബ് ആക്കാൻ സാധിക്കുകയുള്ളൂ എന്ന് മന്ത്രാലയം വ്യക്തമാക്കി.    ഓൺലൈൻ വഴി മാത്രമേ ഹുറൂബ്  അപേക്ഷ സ്വീകരിക്കുകയുള്ളൂ   എന്നാൽ അപേക്ഷയിൽ ചേംബർ ഓഫ് കൊമേഴ്‌സിന്റെ അറ്റസ്റ്റേഷൻ  ഉണ്ടായിരിക്കണം എന്നതും മന്ത്രാലയം പുതിയ നിബന്ധനയായി അറിയിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ഇഖാമ കാലാവധി, തൊഴിലാളികളുടെ എണ്ണം, ഉദ്യോഗസ്ഥർ സ്ഥാപനം സന്ദർശിച്ച റിപ്പോർട്ട്, തൊഴിലുടമക്കെതിരെ തൊഴിലാളികൾ നൽകിയിട്ടുള്ള പരാതികൾ തുടങ്ങിയവ  പരിശോധിച്ചാണ് ഉദ്യോഗസ്ഥർ ഹുറൂബ് പരാതിയിൽ തീരുമാനമെടുക്കുക.  വർക്ക് പെർമിറ്റ് അവസാനിച്ചതിനുശേഷം കോടതിവിധിയോ മറ്റോ പ്രകാരം സ്പോൺസർഷിപ്പ് മാറാൻ കാലാവധി നിശ്ചയിക്കുകയും നിശ്ചിത കാലാവധിക്കുള്ളിൽ  സ്പോൺസർഷിപ്  മാറാതിരിക്കുകയും ചെയ്താൽ തൊഴിലാളിയെ ഹുറൂബാക്കുന്നതിനു ബന്ധപ്പെട്ട വകുപ്പിൽ രജിസ്റ്റർ ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ട്. അന്യായമായി ഹുറൂബാക്കിയാൽ തൊഴിലാളിക്ക് പന്ത്രണ്ട് മാസത്തിനുള്ളിൽ ഓൺലൈൻവഴി തൊഴിൽവകുപ്പിനു പരാതി നൽകാവുന്നതാണ്. ഹുറൂബ് പിൻവലിച്ചാൽ പതിനഞ്ചു ദിവസത്തിനകം സ്‌പോൺസർഷിപ്പ് മാറുമെന്നോ അല്ലെങ്കിൽ ഫൈനൽ എക്സിറ്റിൽ പോകുമെന്നോ തൊഴിലാളി സമ്മതിക്കണം. ഹുറൂബാക്കിയ  ദിവസം ജോലിയിലോ ലീവിലോ സ്പോണ്സർക്കെതിരെ പരാതി കൊടുത്ത അവസ്ഥയിലോ ആണെങ്കിൽ അതിനുള്ള രേഖകൾ പരാതിയോടൊപ്പം നൽകേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.  Read on deshabhimani.com

Related News