സൗദി വിലക്ക് നീളുന്നു; ആശയറ്റ് പ്രവാസി മലയാളികള്‍, അനങ്ങാതെ കേന്ദ്രം



മനാമ > ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള സൗദിയുടെ വിലക്കിൽ നട്ടംതിരിഞ്ഞ് പ്രവാസി മലയാളികൾ. വിലക്ക് അനിശ്ചിതമായി നീണ്ടതോടെ നിരവധി പേര്‍ക്ക് ജോലിയും വിസയും നഷ്ടപ്പെട്ടെങ്കിലും വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാകാതെ കേന്ദ്രസര്‍ക്കാര്‍. പ്രവാസികളുടെ മുറവിളിക്ക് വിദേശ സഹമന്ത്രി വി മുരളീധരനടക്കം ചെവികൊടുക്കുന്നില്ല.  നോർക്കയുടെ കണക്കില്‍ കഴിഞ്ഞ വർഷം മെയ് മുതൽ ഈ വർഷം ജൂലൈ മൂന്നുവരെ 1,73,561 പേർ സൗദിയിൽനിന്ന് നാട്ടിലെത്തി. ഇതിൽ പകുതിയോളം അവധിക്ക് വന്നവര്‍. കോവിഡിനുമുമ്പ്‌ മുക്കാൽ ലക്ഷത്തോളം പേര്‍ അവധിക്ക് നാട്ടിലെത്തി. ഇവരടക്കം സൗദിയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത് ഒന്നര ലക്ഷത്തിലേറെ മലയാളികൾ. വിസയും ഇഖാമയും ഓൺലൈനിൽ പുതുക്കാൻ സൗകര്യമുണ്ടെങ്കിലും കാലാവധി കഴിഞ്ഞ വിസ പുതുക്കാനായിട്ടില്ല. ലെവിയടക്കം ഇഖാമ പുതുക്കാൻ രണ്ട് ലക്ഷത്തോളം രൂപ വേണം. നിരോധനമില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം കഴിഞ്ഞ ഇന്ത്യക്കാർക്ക് മാത്രമാണ് നിലവില്‍ സൗദിയില്‍  പ്രവേശനം. മാലദ്വീപ്, ഖത്തർവഴിയാണ് നിലവില്‍ സൗദി യാത്ര. ടിക്കറ്റും സമ്പര്‍ക്കവിലക്കില്‍ താമസവും അടക്കം രണ്ടര ലക്ഷത്തോളം രൂപ ചെലവ് വരും. വിമാന സർവീസ് സാധാരണയാക്കുന്നതിനുപകരം എയർ ബബ്ൾ കരാറിൽ സർവീസ് പുനരാരംഭിക്കാനാണ് ഇന്ത്യ ശ്രദ്ധിക്കുന്നത്. കഴിഞ്ഞ ദിവസം ഇതിനുള്ള ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മാർച്ചിലാണ് സൗദി വിലക്ക് പ്രഖ്യാപിച്ചത്. ഗൾഫ് പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കേന്ദ്ര സർക്കാരിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍  ആവശ്യപ്പെട്ടിരുന്നു. ജൂലൈ ആദ്യത്തിൽ വിദേശകാര്യ സെക്രട്ടറിക്ക് കത്ത് നല്‍കി. വിദേശ സഹമന്ത്രി വി മുരളീധരൻ പ്രശ്‌നം പരിഹരിക്കാൻ ഒന്നും ചെയ്യുന്നില്ലെന്ന് പ്രവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. Read on deshabhimani.com

Related News