സൗദിയിൽ ടാക്‌സി ഡ്രൈവർമാർക്ക് ഒരു യൂണിഫോം; നിയമം ലംഘിക്കുന്നവർക്ക് പിഴ



റിയാദ്‌ > സൗദി അറേബ്യയിൽ ചൊവ്വാഴ്‌ച മുതൽ പബ്ലിക് ടാക്‌സി, എയർപോർട്ട് ടാക്‌സി, സ്‌പെ‌ഷൽ ടാക്‌സി യാത്രക്കാരുടെ ഗതാഗത ആവശ്യങ്ങൾക്കുള്ള ഡ്രൈവർമാർ നിയുക്ത യൂണിഫോം ധരിക്കണം എന്ന്‌ പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ഡ്രൈവർമാർ ജോലി ചെയ്യുമ്പോൾ യൂണിഫോം ധരിക്കാൻ ബാധ്യസ്ഥരാണെന്ന് നിയമം  വ്യവസ്ഥ ചെയ്യുന്നു. മര്യാദ, ബഹുമാനം, യാത്രക്കാരോട് നന്നായി പെരുമാറുക എന്നീ കാര്യങ്ങളിൽ ഡ്രൈവറുടെ പ്രതിബദ്ധതയ്‌ക്ക് ഊന്നൽ നൽകുന്നതാണ് പുതിയ തീരുമാനം. ടാക്‌സി പ്രവർത്തനത്തിനുള്ള ലംഘനങ്ങളുടെയും പിഴകളുടെയും പട്ടിക പ്രകാരം അംഗീകൃത യൂണിഫോം ധരിക്കാത്ത ഡ്രൈവർമാർക്ക് 500 റിയാൽ പിഴ ചുമത്തുമെന്നും പൊതുഗതാഗത അതോറിറ്റി അറിയിച്ചു. യൂണിഫോമിന്റെ ഭാഗമായി ദേശീയ വസ്‌ത്രമോ ഷർട്ടും നീളമുള്ള പാന്റോ  ധരിക്കേണ്ടതാണ്. ടാ‌ക്‌സി ഡ്രൈവർമാർ ചാരനിറത്തിലുള്ള പ്രത്യേക നീളൻ കൈയുള്ള ഷർട്ട്,  കറുത്ത പാന്റ്സ്, ബെൽറ്റ് എന്നിവ മാത്രമേ ധരിക്കാവൂ. ഒപ്പം  തിരിച്ചറിയൽ ടാഗ് ഇടുകയും വേണം. ആവശ്യാനുസരണം ഒരു ജാക്കറ്റോ കോട്ടോ ഉപയോഗിക്കാവുന്നതാണ്. ഗതാഗത പ്രവർത്തനങ്ങളിൽ പൊതുവെയും യാത്രാക്കൂലിയിലും മാർഗനിർദേശത്തിലും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക,  പൊതു അഭിരുചിയുടെ പട്ടികയ്‌ക്ക് അനുസൃതമായി ഡ്രൈവർമാരുടെ രൂപം ഏകീകരിക്കുക, പൊതുവായ രൂപം മെച്ചപ്പെടുത്തുക എന്നിവയാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത് എന്നും പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. Read on deshabhimani.com

Related News